തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഡ്രീം കേരള പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. ഇക്കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിന് നിര്‍ദ്ദേശവും ആശയവും സമര്‍പ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഹാക്കത്തോണ്‍ നടത്തും. വിദഗ്ദ്ധോപദേശം നല്കാന് യുവ ഐഎഎസ് ഓഫീസര്‍മാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങള്‍ അതത് വകുപ്പുകള്‍ക്ക് വിദഗ്ധ സമിതി നല്‍കും. ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.
ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെഎം എബ്രഹാം ചെയര്‍മാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വിര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post