കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട സ്ത്രീകൾക്കായി പോലീസ് അന്വേഷണം. ഷംനയെ വിവാഹം ആലോചനയുമായി ബന്ധപ്പെട്ട് വിളിച്ച ‘വരന്റെ മാതാവായി’ സ്ത്രീയെയാണ് പോലീസ് തിരയുന്നത്. തട്ടിപ്പുകാരുമായി ഒത്തുകളിച്ച ഈ സ്ത്രീയെ കണ്ടെത്തേണ്ടത് കേസിൽ നിർണ്ണായകമാണ്.
അതേസമയം, സ്വർണ്ണക്കടത്തിനെന്ന ആവശ്യവുമായി പ്രതികൾ പല താരങ്ങളെയും സമീപിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. അതിനാൽ കൂടുതൽ സിനിമാ താരങ്ങളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിക്കും. അഷ്കർ അലി എന്ന പേരിലാണ് പല താരങ്ങളെയും പ്രതിയായ ഹാരിസ് വിളിച്ചിരുന്നതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. എന്നാൽ സ്വർണക്കടത്തിന് സിനിമാതാരങ്ങളെല്ലാം വിസമ്മതിച്ചു.
ഇതിനിടെയാണ് കേസിലെ മറ്റൊരു പ്രതിയായ റാഫി ബിസിനസുകാരനെന്ന വ്യാജേന വിവാഹാലോചനയുമായി ഷംന കാസിമിന്റെ കുടുംബത്തെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹൈദരാബാദിൽനിന്നെത്തിയ നടി ഷംന കാസിം ക്വാറന്റൈനിൽ കഴിയുന്നതിനാൽ പ്രതികളെ നേരിട്ട് കാണിച്ചുള്ള തിരിച്ചറിയൽ പരേഡ് ഉണ്ടാകില്ല. പകരം പ്രതികളുടെ ചിത്രങ്ങൾ നടിയ്ക്ക് കൈമാറിയാകും തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുക.
Discussion about this post