കൊല്ലം: എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടും തുടരന്വേഷണം വൈകിയതിന് എതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ വെള്ളാപ്പള്ളിക്ക് നോട്ടീസ് നല്‍കിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും എന്നാല്‍ കൊവിഡ് കാരണം ഇതു നീണ്ടു പോകുകയായിരുന്നുവെന്നുമാണ് അന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.
1997-98 കാലത്ത് കൊല്ലം എസ്എന്‍ കോളജിന് ഓഡിറ്റോറിയവും ലൈബ്രറിയും നിര്‍മിക്കാന്‍ എക്സിബിഷന്‍ നടത്തിയും പിരിവെടുത്തും സ്വരൂപിച്ച പണം വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് കേസ്.
തിരിമറി പുറത്തുവന്നപ്പോള്‍, കോടതി നിര്‍ദേശപ്രകാരം 2004ല്‍ ആരംഭിച്ച അന്വേഷണമാണ് ഇപ്പോള്‍ അന്തിമഘട്ടത്തില്‍ എത്തിയത്. കേസില്‍ അടുത്തിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ചത്.