മലപ്പുറം: ‘കാഴ്ചയില്ല, എസ്എസ്എല്‍സി എഴുതിയത് ലാപ്‌ടോപ്പില്‍’ എല്ലാ പരിമിതികളെയും മറകടന്ന് മുന്നേറിയ ഹാറൂണ്‍ കരീമിന് ഫുള്‍ എ പ്ലസ് ആണ് പരീക്ഷയില്‍ ലഭ്യമായത്. ഫലപ്രഖ്യാപനത്തിനിടയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പ്രത്യേകം പരാമര്‍ശിച്ച പേര് കൂടിയായിരുന്നു ഹാറൂണ്‍ കരീം.
മലപ്പുറം ജില്ലയിലെ മങ്കട ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹാറൂണ്‍. മേലാറ്റൂര്‍ സ്വദേശികളായ അബ്ദുള്‍ കരീം-സാബിറ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. കാഴ്ചശക്തിയില്ലാതെയാണ് ഹാറൂണിന്റെ ജനനം. ഇത്തരമൊരു പരിമിതി ഉള്ളതിനാല്‍ വള്ളിക്കാമ്പറ്റ അന്ധ വിദ്യാലയത്തിലായിരുന്നു അഞ്ചാം ക്ലാസ്സ് വരെ ഹാറൂണ്‍ പഠിച്ചത്. പിന്നീട് എട്ടാം ക്ലാസ് മുതല്‍ മങ്കട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പഠിക്കാനെത്തി. അഞ്ചാം ക്ലാസ്സുമുതല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുമായിരുന്നു എന്ന് ഹാറൂണ്‍ പറയുന്നു.
സ്‌ക്രൈബിന്റെ സഹായത്തോടെയാണ് ആദ്യം ഹാറൂണ്‍ പരീക്ഷയെഴുതിക്കൊണ്ടിരുന്നത്. പിന്നീട് അത് വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. നോട്ടുകള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയാണ് ചെയ്തിരുന്നത്. പത്താം ക്ലാസ് പരീക്ഷ കംപ്യൂട്ടറിലെഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി നേടിയിരുന്നു. കംപ്യട്ടറിന്റെ സഹായത്തോടെ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന ആദ്യത്തെ വിദ്യാര്‍ത്ഥി കൂടിയാണ് ഹാറൂണ്‍. ‘സാധിക്കില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നതിലല്ല, പരിശ്രമിക്കുന്നതിലാണ് കാര്യ’മെന്നാണ് ഹാറൂണിന്റെ വിജയസമവാക്യം.