മാഹി: മാഹിയില്‍ അഞ്ചു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹി ജനറല്‍ ആശുപത്രിയിലെ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പള്ളൂര്‍ സ്റ്റേഷനിലെ പോലീസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയിലെ രണ്ടു നഴ്‌സുമാര്‍ക്കും രണ്ട് അറ്റന്റര്‍മാര്‍ക്കുമാണ് രോഗബാധ.
കഴിഞ്ഞ ദിവസം മാഹി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പളടക്കം മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എയും അഡ്മിനിസ്‌ട്രേറ്ററുമടക്കം മാഹിയുടെ ഭരണചുമതലയുള്ള നിരവധിയാളുകളുമായി പ്രിന്‍സിപ്പള്‍ക്ക് സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തില്‍ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പള്‍ പങ്കെടുത്തതായാണ് വിവരം. ഇതേ യോഗത്തില്‍ പങ്കെടുത്ത മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മ, മാഹി എസ്.പി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. മാഹിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അടക്കം നിയന്ത്രണം നല്‍കുന്നവര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലായത് ആശങ്കയുണ്ടാക്കുന്നുണ്ട്.