കൊല്ലത്ത്‌ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പച്ചക്കറി വ്യാപാരിയുടെ നില ഗുരുതരം, രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായില്ല

കൊല്ലം: കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ 65കാരന്റെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് ഇനിയും വ്യക്തമല്ല. രോഗത്തിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്.

കായംകുളത്ത് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഇദ്ദേഹത്തെ ഗുരുതരമായ വിവിധ അസുഖങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം, ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആദ്യം പരിചരിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരു മുള്‍പ്പെടെ നിരവധി പേരേ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നഗരസഭയ്ക്ക് നിര്‍ദേശം നല്കി. കായംകുളം നഗരസഭയിലെ നാല്, ഒന്‍പത് വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു.

ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരുപതിലധികം പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ സ്രവ സാമ്പിള്‍ നേരത്തെ എടുത്തിരുന്നു.

Exit mobile version