കണ്ണൂർ: കേന്ദ്രഭരണപ്രദേശമായ മാഹിയിൽ കൊവിഡ് ആശങ്ക കനക്കുന്നു. മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. മാഹി ആയുർവേദ കോളേജ് പ്രിൻസിപ്പാൾ അടക്കം മൂന്ന് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എംഎൽഎയും അഡ്മിനിസ്‌ട്രേറ്ററുമടക്കം മാഹിയുടെ ഭരണചുമതലയുള്ള നിരവധിയാളുകളുമായി പ്രിൻസിപ്പാൾക്ക് സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.
അതേസമയം, കഴിഞ്ഞ ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തിൽ ആയുർവേദ കോളേജ് പ്രിൻസിപ്പാൾ പങ്കെടുത്തതായാണ് വിവരം. ഇതേ യോഗത്തിൽ പങ്കെടുത്ത മാഹി എംഎൽഎ ഡോ. വി രാമചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ, മാഹി എസ്പി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലാക്കിയത്.
കൊവിഡ് പ്രതിരോധത്തെ താളംതെറ്റിക്കുന്നതാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അടക്കം നിയന്ത്രണം നൽകുന്നവർ കൂട്ടത്തോടെ നിരീക്ഷണത്തിലായതാണ് ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയിൽ തുടർന്ന മാഹി സ്വദേശി മരണപ്പെട്ടു. മാഹി സ്വദേശി ഭാസ്‌കരനാണ് മരിച്ചത്. രണ്ട് ആഴ്ചയ്ക്ക് മുമ്പ് ഇയാൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ഇദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു.
Discussion about this post