തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് വിഭാഗത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ. നരേന്ദ്ര മോഡി സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായും ബിജെപി സഹകരിക്കുമെന്നും തീരുമാനം പറയേണ്ടത് ജോസ് കെ മാണിയാണന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. നിലവിലെ സാഹചര്യം ബിജെപി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജോസ് കെ മാണി അവരുടെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയതിന് ശേഷം ബിജെപി അഭിപ്രായം പറയും.
ജോസ് കെ മാണിയുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യം അപക്വമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ബിജെപി നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇനി അവരാണ് നിലപാട് പ്രഖ്യാപിക്കേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. മുന്നണിക്ക് പുറത്തുള്ള ഒരു പാർട്ടിയുടെ പ്രശ്നത്തെക്കുറിച്ച് പറയുമ്പോൾ വസ്തുതാപരമായാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലോ അല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post