തൃശ്ശൂര്‍: മകളുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് ‘കോടീശ്വരന്’ പരിപാടിയില്‍ പങ്കെടുക്കാന്‍ തൃക്കരിപ്പൂര്‍ സ്വദേശിയായ നിമ്മിയെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷിച്ച തുക ലഭിക്കാതെയായിരുന്നു നിമ്മിയുടെ മടക്കം.
എന്നാല്‍, നിമ്മിയുടെ അവസ്ഥയറിഞ്ഞ് അവതാരകന് സുരേഷ് ഗോപി ശസ്ത്രക്രിയയ്ക്കുള്ള പണം നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. എല്ലാം കഴിഞ്ഞ് അവള് കണ്ണുതുറന്നപ്പോള്‍, സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കള്‍.
ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ ഉള്ളത്. മൂന്ന് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. ഒരു സര്‍ജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂ എന്ന് പരിപാടിയില്‍ നിമ്മി പറഞ്ഞിരുന്നു. അമേയയുടെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ പത്ത് ലക്ഷം രൂപയുടെ കടമുള്ള കുടുംബത്തിന് ഉടന്‍ ഒരു സര്‍ജറിയുടെ ഭാരം കൂടി താങ്ങാന്‍ ആകില്ലെന്നു നിമ്മി പരിപാടിയില്‍ പറയുകയുണ്ടായി.
80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ നിമ്മിക്ക് അടുത്ത ഉത്തരം തെറ്റിയപ്പോള്‍ സമ്മാനം 10000 രൂപയായി ചുരുങ്ങുകയായിരുന്നു. പക്ഷേ സുരേഷ്ഗോപി വാക്കു നല്കി, ”മോളുടെ ഓപ്പറേഷന് മുടങ്ങില്ല ഞാനേറ്റു” എന്ന്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കി.
Discussion about this post