കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് രാവിലെയാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വര്ണ്ണക്കടത്തുകാരണെന്ന് പറഞ്ഞാണ് സംഘം തന്നെ വിളിച്ചതെന്ന് ധര്മ്മജന് പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് തന്നെ വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടതായും ധര്മ്മജന് വെളിപ്പെടുത്തി. പോലീസിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
ധര്‍മ്മജന്റെ വാക്കുകള്‍;
സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് എന്റെ നമ്പര്‍ കൊടുത്തത്. അഷ്കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. വലിയ വലിയ കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്.
അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ചോദിച്ചു. അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല”
Discussion about this post