കളമശേരി: ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അതിഥിത്തൊഴിലാളികളുടെ മക്കളെ കാറില്‍ ക്ലാസ്റൂം ഒരുക്കി പഠിപ്പിച്ച് ഒരു അധ്യാപിക. ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപി സ്കൂളിലെ അധ്യാപികയായ ജയാ പോളാണ് കേരളക്കരയ്ക്ക് മാതൃകയായ അധ്യാപിക.
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി കിട്ടാതായതോടെയാണ് വിദ്യാര്‍ത്ഥികളെ തേടി മുപ്പത്തടം ഇടുക്കി ജംക്ഷനില്‍ എത്തിയത്. ഇവിടെയാണ് ചെരിപ്പ് കമ്പനിയില്‍ ജോലിക്കാരനായ അതിഥി തൊഴിലാളിയും കുടുംബവും കഴിയുന്നത്.
മക്കളില്‍ 2 പേര് എംഇഎസ് സ്കൂളിലും 2 പേര് മുപ്പത്തടം സ്കൂളിലുമാണ് പഠിക്കുന്നത്. കുട്ടികളെ അന്വഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പഠനസൗകര്യങ്ങള്‍ ഒന്നും ഇല്ലെന്ന് ഈ അധ്യാപിക മനസ്സിലാക്കിയത്. പിതാവിന് സ്മാര്‍ട് ഫോണ്‍ വാങ്ങാനുള്ള കഴിവില്ല. ടിവിയുണ്ടെങ്കിലും കേബിള്‍ കണക്ഷന് എടുത്തിട്ടില്ല.
കുട്ടികള്‍ ആര്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. അധ്യാപകര്‍ നല്കുന്ന അസൈന്മെന്റുകളും ഹോം വര്‍ക്കുകളും ഇവര്‍ക്ക് അപ്രാപ്യം. ഇവയെല്ലാം സ്കൂള്‍ തുറന്നു ചെല്ലുമ്പോള്‍ അധ്യാപകര്‍ക്ക് കൈമാറേണ്ടതാണ്.മുതിര്‍ന്ന കുട്ടികള്‍ കടുത്ത മാനസിക വിഷമത്തിലാണ്.
അതിഥിത്തൊഴിലാളികള്‍ ആയതിനാല്‍ ആരും ഇവരെ പരിഗണിക്കുന്നില്ല, ഒന്നില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൈപിടിച്ച് എഴുതിക്കാനുള്പ്പെടെ പല ഘട്ടങ്ങളിലും അധ്യാപികയുടെ സാന്നിധ്യം അനിവാര്യമാണ്. കുട്ടികളുടെ വിഷമം മനസ്സിലാക്കിയതോടെയാണ് അധ്യാപികയായ ജയ പഠിപ്പിക്കാനായി വീട്ടിലെത്തി തുടങ്ങിയത്.
ആഴ്ചയിലെ അവസാനത്തെ ദിവസം തന്റെ കാറിലാണ് അധ്യാപിക ഇവിടേക്ക് എത്താറുള്ളത്. സാനിറ്റൈസറും ഹാന്‍ഡ് വാഷും മാസ്കുമെല്ലാം ടീച്ചര്‍ കരുതിയിട്ടുണ്ടാകും. മനസ്സില്‍ ഭയമുണ്ടെങ്കിലും പഠനോപകരണങ്ങളെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കി ഉപയോഗിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്റൂം ഒരുക്കിയതും തന്റെ കാറിലാണ്. എങ്കിലും ഫോണില്ലാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ നന്നായി ബാധിക്കുന്നുണ്ടെന്ന് ഈ അധ്യാപിക പറയുന്നു. ഇവര്‍ക്ക് പഠന സഹായത്തിന് ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങി നല്കാന് സുമനസ്സുകള്‍ മുന്നോട്ടു വരണമെന്നാണ് ടീച്ചറുടെ അപേക്ഷ.
മുപ്പത്തടത്തു മാത്രമല്ല, ഏലൂരിലെ ചിറാക്കുഴിയില് താമസിക്കുന്ന അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും വീട്ടിലെത്തി പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ജയാപോള്‍ എത്തുന്നുണ്ട്.
Discussion about this post