എടപ്പാൾ: മലപ്പുറത്തെ തന്നെ ആശങ്കയിലാഴ്ത്തി എടപ്പാളിൽ രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയും ഞെട്ടലുണ്ടാക്കുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേരെന്ന് ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയെ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.
ശിശുരോഗ വിദഗ്ധനായ ഡോക്ടറുടെ പട്ടികയിൽ ഒപി യിൽ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐപിയിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ഇവർക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ജൂൺ അഞ്ചിനുശേഷം മാത്രം ഇവരെ കണ്ടവരുടെ പട്ടികയാണിത്.
അതേസമയം, ഇതിൽ കുട്ടികളുടെ ഡോക്ടറുടെ പട്ടികയിൽ നവജാതശിശുക്കൾ വരെയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളിൽ ക്വാറന്റൈനിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാനും ഇവരിൽ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.
Discussion about this post