മലപ്പുറം: സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എടപ്പാളില്‍ നാല് പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും ഇതില്‍പ്പെടും. കളക്ടര്‍ കെ. ഗോപാലകൃഷ്ണന് ഇവിടെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.
നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്. എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ഒരു ഭിക്ഷാടകന് രോഗംബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല.
വട്ടംകുളത്തെ അഞ്ചുപേര്‍ക്ക് രോഗംബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഇതേ തുടര്‍ന്നാണ് ഇവിടം കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. മേഖലയില്‍ ആദ്യ ലോക്ഡൗണിന്റെ അതേ നിയന്ത്രണങ്ങളാകും ഉണ്ടാവുക.
വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 വാര്‍ഡുകളൊഴികെയുള്ള 47 വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് മേഖലകളിലുള്ളത്.
രോഗംബാധിച്ചവര്‍ ജോലിചെയ്ത രണ്ട് ആശുപത്രികളും പൂര്‍ണമായും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കി. പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. അകത്തുള്ളവര്‍ക്ക് പുറത്തുപോകാനുമാവില്ല. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ദേശീയ പാതയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയപാതയില്‍ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെയ്ന്മെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയില്‍ വാഹനങ്ങളില്‍നിന്ന് ആരും പുറത്തിറങ്ങാന്‍ പാടില്ല. ഒരു പെട്രോള്‍ പമ്പ് രാവിലെ ഏഴുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും.
Discussion about this post