തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പോലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നൊബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി. ട്വിറ്ററിലൂടെയാണ് കൈലാസ് സത്യാര്‍ത്ഥി കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.
‘ദി കേരള പോലീസ്, നിങ്ങളുടെ ജാഗ്രതയ്ക്കും ഇടപെടലിനുമുള്ള പ്രശസ്തി! ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണര്‍ത്തല്‍ ആഹ്വാനമായിരിക്കണം’സത്യാര്‍ത്ഥി ട്വിറ്ററില്‍ കുറിച്ചു. ഓപ്പറേഷന് പി ഹണ്ടിനെ പറ്റി എന്‍ഡിടിവിയില്‍ വന്ന വാര്‍ത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
. @TheKeralaPolice Kudos for your alertness and intervention! This should be a wake up call for other States as well. https://t.co/LYKcqpjMuH
— Kailash Satyarthi (@k_satyarthi) June 28, 2020
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന് പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 47 പേര് അറസ്റ്റിലായി. ഇതിന്റെ ഭാഗമായി മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്, കമ്പ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുകള്‍, മോഡമുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന 143 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
അറസ്റിലായവരില്‍ മികച്ച പ്രൊഫഷണല്‍ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഡോക്ടറും ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വീഡിയോകളും കൂടുതല്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി.
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പോലീസ് തുടരുന്നതാണ്.
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈമാറുന്ന സംഘങ്ങള്‍ ഉള്‍പ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സൈറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ തുകയ്ക്കാണ് നഗ്നചിത്രങ്ങള്‍ വില്‍ക്കുന്നതെന്നും ഓപ്പറേഷന് പി ഹണ്ടിലൂടെ തെളിഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post