മലപ്പുറം: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് വർധിക്കുകയും ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തുകയും ചെയ്തതോടെ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുമായി മലപ്പുറം ജില്ലാഭരണകൂടം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാൻ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ സമൂഹവ്യാപന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഇപ്പോൾ 218 കോവിഡ് രോഗികളാണുള്ളത്. ഇതിൽ 169 പേരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബാക്കി ഉള്ളവർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കഴിയുകയാണ്. ഇത്തരത്തിൽ സഫ കാളികാവ് സെന്ററിൽ 42 പേരും സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ബോയിസ് ഹോസ്റ്റലിൽ ഏഴുപേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടർ വ്യക്തമാക്കി. ഇത് വരെ ജില്ല സുരക്ഷിതമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച 47 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.
12 കേസുകൾ ഉറവിടമറിയാതെ റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു ഏറ്റവും വലിയ ആശങ്ക. ഇതിൽ എട്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയെന്നും ബാക്കി നാല് രോഗികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കളക്ടർ വ്യക്തമാക്കി. ഉറവിടം കണ്ടെത്തിയ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണെന്നും കളക്ടർ അറിയിച്ചു.
അതേസമയം, ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴ് കേസുകൾ പൊന്നാനി താലൂക്കിലെ രണ്ട് മൂന്ന് പഞ്ചായത്തുകളിലാണെന്നും ഈ പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. വട്ടംകുളം, എടപ്പാൾ, ആലങ്കോട്,മാറഞ്ചേരി എന്നീ പഞ്ചായത്തുകളെയാണ് കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
പൊന്നാനി മുനിസിപ്പാലിറ്റിയിലെ 52 വാർഡുകളിൽ 47 വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. 1,2,3,50,51 എന്നീ അഞ്ച് വാർഡുകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. പുൽപറ്റയിലെ ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആദ്യ ലോക്ക്ഡൗണിന്റെ സമയത്തിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ നടപ്പിലാക്കുകയെന്നും കളക്ടർ അറിയിച്ചു.
Discussion about this post