മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് രൂക്ഷമായ നാല് പഞ്ചായത്തുകള്‍ അടയ്ക്കും. വട്ടകുളം, എടപ്പാള്‍, മാറഞ്ചേരി, ആലംകോട് എന്നിവയാണ് അടക്കുന്നത്. കൂടാതെ പൊന്നാനി നഗരസഭയും അടച്ചിടും.
നഗരസഭയിലെ 1,2,3,50,51 വാര്‍ഡുകള്‍ ഒഴികെയുള്ള പൊന്നാനി നഗരസഭയുടെ പ്രദേശങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണായി മാറ്റാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യ സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ. ദേശീയ പാതയൊഴികെ മറ്റ് റോഡുകള്‍ അടയ്ക്കും. ദേശീയ പാതയില്‍ രണ്ട് ചെക്ക്പോയിന്റുകള് ഉണ്ടാകും. കര്‍ശന പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ.രോഗ ലക്ഷണമുള്ളവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പുണ്ട്.
അഞ്ച് മേഖലകളില്‍ നിന്ന് 1000 സാമ്പിളുകള്‍ ശേഖരിച്ച് ഉടന്‍ കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ ഇപ്പോള്‍ 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. സെന്റിനല്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക ജില്ലാഭരണകൂടം തയാറാക്കിവരികയാണ്.
Discussion about this post