ഉടമകളിലേറെപ്പേരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ്. കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് പലര്‍ക്കും അവര്‍. അതുകൊണ്ടുതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉടമകള്‍ക്ക് ഉറ്റവര്‍ക്ക് അപകടം സംഭവിച്ചത് പോലെ തന്നെ തോന്നും. എന്നാല്‍ കാഴ്ചക്കാര്‍ക്ക് ചിലപ്പോള്‍ അത് മനസ്സിലാവണമെന്നില്ല.
തന്റെയും കുടുംബത്തിന്റേയും സുരക്ഷയ്ക്കായി അണലിയോടു പൊരുതി കടിയേറ്റ വളര്‍ത്തുനായയുടെ അതിജീവനത്തിന്റെ അനുഭവം പറയുകയാണ് സന്ദീപ് എന്ന യുവാവ്. ജീവന്‍പോകുമെന്നു കരുതിയിരുന്ന സാഹചര്യത്തില്‍ നിന്നും അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഭഗീര എന്ന നായയെക്കുറിച്ചാണ് സന്ദീപിന്റെ കുറിപ്പ്.
ജൂണ്‍ 20ാം തിയ്യതി നടന്ന സംഭവത്തെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. വീടിനുള്ളിലേക്ക് കടന്ന അണലിയെ വളര്‍ത്തുനായ്ക്കളായ ഭഗീരയും ജിപ്സിയും ചേര്‍ന്ന് പകവരുത്തിയെന്നും എന്നാല്‍ പിന്നീട് കണ്ടത് ഭഗീര നിര്‍ത്താതെ ഛര്ദ്ദിക്കുന്നതാണെന്നും സന്ദീപ് പറയുന്നു.
ഡോക്ടര്‍ വന്ന് നോക്കിയപ്പോള്‍ പറഞ്ഞത് 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്നാണ്. പിറ്റേ ദിവസം സ്ഥിതി വീണ്ടും വഷളായി, ഭഗീരക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥ! വായില്‍ നിന്ന് നുരയും പതയും വരുന്നു, ഇടക്കിടെ ചര്‍ദ്ദിക്കുന്നു… മൂത്രത്തില്‍ മുഴുവന്‍ രക്തം! എല്ലാ പ്രതീക്ഷയും അവിടെ അവസാനിക്കുകയായിരുന്നുവെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.
രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അവനു നെറ്റിയില്‍ ഒരു ഉമ്മകൊടുത്തു… ഒരു പക്ഷെ അവനെ നാളെ ജീവനോടെ കാണാന്‍ കഴിയില്ല എന്ന് തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പിറ്റേ ദിവസം ,അത്ഭുതകരമെന്ന് പറയട്ടെ, ഞങ്ങളെയെല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ഭഗീര നടന്നു തുടങ്ങി. അവന് ഒരുപാട് വെള്ളം കുടിച്ചു.. എന്റെ അടുത്തേക്ക് നടന്ന് വന്ന് തല എന്റെ മടിയില്‍ വച്ചുവെന്നും സന്ദീപ് സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ശനിയാഴ്ച- അതായത് ജൂണ്‍ 20 ആം തീയ്യതി…ഇപ്പോഴും ഭയപ്പാടൊഴിഞ്ഞിട്ടില്ല.. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഞാന്‍ ഭഗീരയെയും അകീലയെയും ജിപ്സിയെയും കൂട് തുറന്ന് വിട്ടു.. എന്തോ പിശക് തോന്നിയിട്ടാവണം ഭക്ഷണത്തിനടുത്തേക്ക് വരാതെ അവര്‍ മുന്‍ വശത്തെ പൂന്തോട്ടത്തിനിടയിലേക്ക് പോയി.ഞാന്‍ നോക്കിയപ്പോള്‍ അവര്‍ വല്ലാത്ത മണം പിടിക്കലിലാണു.. പൂന്തോട്ടത്തില്‍ അത്യാവശ്യം നല്ല വലുപ്പത്തിലുള്ള ഒരു കുളമുള്ളത് കൊണ്ട്, അതില്‍ നിറയെ തവളകള്‍ ഉണ്ടാകാറുണ്ട്.. അതായിരിക്കും എന്ന് വിചാരിച്ച് ഞാന്‍ കാര്യമാക്കിയില്ല.. പെട്ടെന്ന് കാറിനടിയില്‍ നിന്ന് Bhagheera യുടെ അലര്‍ച്ച… ഒപ്പം എന്തോ ഒന്നിനെ തൂക്കിയെടുത്ത് അവന് പുറത്തേക്കിട്ടു… ഭഗീര ഇട്ട സാധനത്തെ നിലം തൊടാനനുവദിക്കാതെ ജിപ്സി ചാടിയെടുത്ത് കടിച്ച് കുടഞ്ഞു.
ഞാന്‍ ഓടിച്ചെന്ന് നോക്കുമ്പോള്‍ ഒരു അണലി ചത്ത് കിടക്കുന്നു… ഇതിനു മുന്‍പും അണലിയും മൂര്ഖാനുമുള്പ്പടെ തങ്ങളുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്ന പല പാമ്പുകളെയും അവര്‍ വകവരുത്തിയിട്ടുള്ളത്കൊണ്ട് ഞാന്‍ അത്ര കാര്യമാക്കാതെ അവരെ വീണ്ടും ഭക്ഷണം കഴിക്കാന്‍ വിളിച്ചു… അകീല മാത്രം വന്ന് ഭക്ഷണം കഴിച്ചു… ജിപ്സിയും ഭഗീരയും രണ്ടു സ്ഥലത്തായി കിടക്കുന്നു… എനിക്ക് എന്തോ പന്തികേട് തോന്നി.. അപ്പോഴെക്കും ഭഗീര ചര്ദ്ദിക്കാന് തുടങ്ങി… ക്ഷീണം കൂടിക്കൂടി വന്നു… അവന്റെ അടുത്ത്പോയി ഞാന്‍ സസൂക്ഷ്മം ശരീരമാകെ പരിശോധിച്ചു……താടിക്കടിയില് രണ്ട് ചോര പൊടിഞ്ഞ പാടുകള്‍..ഉടനെ കൊക്കാലയിലെ മൃഗാശുപത്രിയിലേക്ക് വിട്ടു… അവിടെ ചെന്നപ്പോഴാണു അവര്‍ 12 മണിക്ക് അടക്കും എന്നറിഞ്ഞത്… സ്ഥിരമായി പട്ടികള്‍ക്ക് മരുന്നും മറ്റു സാധനങ്ങളും വാങ്ങാറുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോയി അയാളോട് കാര്യം പറഞ്ഞു.. അയാള്‍ തന്റെ മൊബെയിലില്‍ നിന്നുംMidhun Neelamkavil നെ വിളിച്ചു… അദ്ധേഹം പാട്ടുരായ്ക്കലിലെ തന്റെ ക്ലിനിക്കടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു.. എന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ധേഹം വീട്ടിലേക്ക് വരാന്‍ തയ്യാറായി… അദ്ധേഹം വീട്ടിലെത്തുമ്പോഴെക്കും ഭഗീരയുടെ നില വല്ലാതെ വഷളായി.. വന്നയുടന്‍ ആന്റിവെനം കൊടുത്തു, മറ്റ് ആന്റിബയോട്ടിക്കുകളും ആരംഭിച്ചു…
പോകുമ്പോള്‍ ഞാന്‍ ഡോക്റ്ററോട് ചോദിച്ചു.. ‘ഡോക്റ്റര്‍, എന്തെങ്കിലും പ്രതീക്ഷയുണ്ടോ? ‘ അദ്ധേഹം പറഞ്ഞു ‘ഒന്നും പറയാനാവില്ല, 48 മണിക്കൂര്‍ കഴിയാതെ’
പിറ്റേ ദിവസം സ്ഥിതി വീണ്ടും വഷളായി, ഭഗീരക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥ! വായില്‍ നിന്ന് നുരയും പതയും വരുന്നു, ഇടക്കിടെ ചര്‍ദ്ദിക്കുന്നു… മൂത്രത്തില്‍ മുഴുവന്‍ രക്തം! എല്ലാ പ്രതീക്ഷയും അവിടെ അവസാനിക്കുകയായിരുന്നു… രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അവനു നെറ്റിയില്‍ ഒരു ഉമ്മകൊടുത്തു… ഒരു പക്ഷെ അവനെ നാളെ ജീവനോടെ കാണാന്‍ കഴിയില്ല എന്ന് തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു..
പിറ്റേ ദിവസം ,അത്ഭുതകരമെന്ന് പറയട്ടെ, ഞങ്ങളെയെല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ഭഗീര നടന്നു തുടങ്ങി… അവന് ഒരുപാട് വെള്ളം കുടിച്ചു.. എന്റെ അടുത്തേക്ക് നടന്ന് വന്ന് തല എന്റെ മടിയില്‍ വച്ചു… 48 മണിക്കൂര്‍ കഴിഞ്ഞു.. ഭഗീരക്കൊന്നും പറ്റിയില്ല.. ഞാന്‍ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. അതെ ഭഗീരയും ജിപ്സിയും മരണത്തിന്റെ നൂല്‍പ്പാലത്തിനപ്പുറം കടന്നിരിക്കുന്നു… ഇതെഴുതുമ്പോള്‍ ജിപ്സി പഴയതുപോലെ ഉഷാറായി എന്നെ നോക്കിയിരിക്കുന്നുണ്ട്… ഭഗീര ഭക്ഷണമൊന്നും കഴിച്ചു തുടങ്ങിയിട്ടില്ലെങ്കിലും എന്തോ മനസ്സു പറയുന്നു, അവന്റെ കാര്യത്തില്‍ ഇനി ആശങ്ക വേണ്ടെന്ന്…
കൂടെ നിന്ന , ധൈര്യം തന്ന, എല്ലാസുഹ്രുത്തുക്കള്ക്കും അകമഴിഞ്ഞ നന്ദി! ആശുപത്രിയിലേക്ക് കൂടെ വന്ന Sumesh Bellary, ഒറ്റമൂലികള്‍ പറഞ്ഞു തരികയും, ആശുപത്രിയിലും വീട്ടിലുമായി വന്ന് ആശ്വാസമേകിയ Suresh Pg ഏറ്റവും കൂടുതല്‍ സ്നേഹം dr Midhun നോടാണു..കൂടെ അറിഞ്ഞു കണ്ട് താങ്ങായതിനു!തക്ക സമയത്ത് വേണ്ടത് ചെയ്ത് തന്നതിനു! ഇപ്പോഴും കൂടെ നിന്ന് വിവരങ്ങള്‍ തിരക്കുന്നതിനു!
Discussion about this post