തിരുവനന്തപുരം; തിരുവനന്തപുരത്തെ സാഹചര്യം ഏറെ സങ്കീര്‍ണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജില്ലയില്‍ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ നഗരം അടച്ചിടേണ്ട സാഹചര്യം ഇല്ലെന്നും നിരീക്ഷണം വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് രോഗികള്‍ കുറവാണ്. എന്നാല്‍ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.നഗരത്തില്‍ കൂടുതല്‍ രോഗബാധിതരുള്ള മണക്കാട് മേഖലയില്‍ നാളെ മുതല്‍ വീണ്ടും സ്രവ പരിശോധന ആരംഭിക്കും. തിരുവനന്തപുരത്തെ സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയിന്മെന്റ് സോണുകളാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വിഎസ്എസ്സി ജീവനക്കാരനായ മണക്കാട് സ്വദേശിയുടേയും വിഎസ്എസ്സി റിട്ടേര്‍ഡ് ജീവനക്കാരനായ വള്ളക്കടവ് സ്വദേശിയുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നൂറിലധികം പേര് വീതമുണ്ട്. രോഗം സ്ഥിരീകരിച്ച വിഎസ്എസ്സി റിട്ടയര്‍ഡ് ജീവനക്കാരനായ വള്ളക്കടവ് സ്വദേശി വിവാഹത്തിലടക്കം പങ്കെടുത്തിരുന്നതായി വിവരമുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവാഹത്തില്‍ 200ഓളം പേര് പങ്കെടുത്തതായാണ് വിവരം. ആറ് വാര്‍ഡുകള്‍ കണ്ടയിന്മെന്റ് സോണുകളാക്കിയ മേഖലയില്‍ ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളെ ബഫര്‍ സോണുകളായും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാലും ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post