കല്പറ്റ: കോവിഡ് പ്രതിസന്ധി കാരണം അടുത്തെങ്ങും പ്രവാസ ലോകത്തേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ നാട്ടില്‍ ബിരിയാണി വില്‍പ്പന തുടങ്ങി ഹന്‍ഫാസ്. കോവിഡിന്റെ കരിനിഴലില്‍ നിന്നു ജീവിതം തിരികെ പിടിക്കാനുള്ള കഠിനപരിശ്രമത്തിലാണ് കാക്കവയല്‍ തളിയില്‍ മുഹമ്മദ് ഷെരീഫ് എന്ന ഹന്‍ഫാസ് ഇപ്പോള്‍.
7 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു ഹന്‍ഫാസ്. അതിനിടെ ഭാര്യാ സഹോദരനൊപ്പം ദുബായിയില്‍ പലചരക്കു കച്ചവടം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. വീസ പുതുക്കാനും മറ്റുമായി കഴിഞ്ഞ മാര്‍ച്ച് 5ന് നാട്ടിലെത്തി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി തിരികെ ദുബായിലേക്കു മടങ്ങാനിരിക്കെയാണ് വില്ലനായി കോവിഡ് എത്തിയത്.
അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതോടെ പ്രവാസലോകത്തേക്ക് മടങ്ങാന്‍ ഹന്ഫാസിന് കഴിഞ്ഞില്ല. അടുത്തെങ്ങും ദുബായിലേക്ക് പോകാന്‍ കഴിയില്ലെന്നും മനസ്സിലായി. എങ്കിലും തളരാന്‍ മനസ്സില്ലായിരുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം തത്കാലം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് ബിരിയാണി വില്പ്പനയിലെത്തിയത്. പാചക വിദഗ്ധയായ മാതാവ് റസീനയാണു ബിരിയാണി കച്ചവടത്തിന്റെ ആശയം മുന്നോട്ടുവച്ചത്. മാതാവിന്റെ കൈപുണ്യം നന്നായി അറിയാവുന്ന ഹന്‍ഫാസ് പിന്നീട് മറ്റൊന്നും ആലോചിച്ചില്ല.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണങ്ങളുള്ളതിനാല്‍ ബിരിയാണി പാക്കറ്റുകളിലാക്കി വില്പന നടത്താമെന്നു തീരുമാനിച്ചു. പുലര്‍ച്ചെയോടെ ബിരിയാണി തയാറാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. മാതാവിനെ അടുക്കളയില്‍ സഹായിക്കാന്‍ ഹന്ഫാസിന്റെ ഭാര്യ അഫ്ന തസ്നിയും സദാസമയവും ഒപ്പമുണ്ട്.
ചിക്കന്‍ ബിരിയാണി, ഇറച്ചി ചോറ്, ബീഫ് ബിരിയാണി എന്നിവയാണു വില്പന നടത്തുന്നത്. ദിവസവും ഉച്ചയ്ക്ക് 12ന് കാറുമായി കല്പറ്റ ജനമൈത്രി ട്രാഫിക് ജംക്ഷനിലെത്തും. കൃത്യമായ സുരക്ഷാ മുന്‍കരുതലുകളോടെ വൈകിട്ടു 3 വരെയാണു വില്പന. വില്പനയ്ക്കു ശേഷം ബാക്കിവരുന്ന ബിരിയാണി പാക്കറ്റുകള്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്കു നല്‍കാനും ഹന്‍ഫാസ് മറക്കാറില്ല.
Discussion about this post