തൊടുപുഴ: ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയായ യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വിജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഉന്നത ഐടി പ്രൊഫഷണലുകളെ ഇതേ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഡോക്ടറും പിടിയിലായിരിക്കുന്നത്. ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോകളുമാണ് പോലീസ് കണ്ടെത്തിയത്.
സംസ്ഥാനത്തൊട്ടാകെയായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ പി ഹണ്ട് എന്ന പോലീസിന്റെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഡോക്ടർ പിടിയിലായത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ ഒറ്റയടിക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൈബർ കുറ്റകൃത്യത്തിൽ കൂട്ട അറസ്റ്റ് നടക്കുന്നത്. അറസ്റ്റിലായവരിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങൾ സജീവമെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പോലീസിന്റെ വ്യാപക റെയ്ഡ്.
Discussion about this post