തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വിഎസ്എസ്സിയിലെ ജീവനക്കാരന് ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗം സ്ഥിരീകരിച്ച വിഎസ്എസ്സിയിലെ ജീവനക്കാരന് വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് പോകുകയും വിവാഹവീട്ടില്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നഗരത്തിലെ കൂടുതല്‍ ചന്തകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് തിരുവനന്തപുരം മേയര്‍ അറിയിച്ചത്. പാളയം, ചാല ചന്തകള്‍ക്ക് പുറമെ പേരൂര്‍ക്കട കുമരിചന്ത എന്നിവിടങ്ങളിലും ജനങ്ങള്‍ക്ക് നിയന്ത്രണത്തോടെ മാത്രമാകും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നാണ് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചത്. നഗരത്തില്‍ രാത്രി യാത്രാനിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ പരിശോധന പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post