കോവിഡ് ബാധിതന്‍ എത്തിയതായി പോലീസ്, സ്റ്റുഡിയോ അടപ്പിച്ചു; പരിഭ്രാന്തിയിലായി ‘ഓപ്പറേഷന്‍ ജാവ’ ടീം

കൊച്ചി: കോവിഡ് ബാധിതനായ ആള്‍ സ്റ്റുഡിയോയിലെത്തിയിരുന്നെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി സ്റ്റുഡിയോ അടപ്പിച്ചതോടെ പരിഭ്രാന്തിയിലായി
‘ഓപ്പറേഷന്‍ ജാവ’ സിനിമാ ടീം.

വിനായകന്‍, ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ബിനു പപ്പു ലുക്മാന്‍, ഇര്‍ഷാദ് അലി, അലക്സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ഓപ്പറേഷന്‍ ജാവ’ എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ നടക്കവേയാണ് സംഭവം.

ജൂണ്‍ 10ന് കോവിഡ് ബാധിതനായ ഒരാള്‍ സ്റ്റുഡിയോയില്‍ എത്തിയെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നു ‘ഓപ്പറേഷന്‍ ജാവ’ ടീം ഹോം ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടച്ചിടുകയായിരുന്നു.

എന്നാല്‍, പരിഭ്രാന്തിയിലായ ‘ഓപ്പറേഷന്‍ ജാവ’ ടീമിനെ ഉച്ചയോടെ പോലീസ് വിളിച്ച് തങ്ങള്‍ക്ക് സ്റ്റുഡിയോ മാറിപോയതാണെന്നു അറിയിച്ചു. സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം ഡബ്ബിംഗ് ജോലികള്‍ ചെയ്തു പോകവേയാണ് പോലീസിന്റെ ഈ സ്റ്റുഡിയോ മാറല്‍ സംഭവം.

പോലീസ് അറിയിപ്പുകിട്ടിയത് മുതലുള്ള നാലു മണിക്കൂര്‍ നേരത്തെ അവസ്ഥ വിവരിച്ചു ഒരു വീഡിയോ ‘ഓപ്പറേഷന്‍ ജാവ’ ടീം ഇറക്കിയിട്ടുണ്ട്. പല സിനിമകളും ഷൂട്ട് തുടങ്ങിയെങ്കിലും അല്പം അശ്രദ്ധ എത്രമാത്രം ഭീകരമാകും എന്ന് ഓര്‍മപ്പെടുത്തല്‍ ആണ് ഈ അനുഭവം.

പത്രത്തിലും ടിവിയിലും വാര്‍ത്തകള്‍ കാണുമ്പോള്‍ താന്‍ നിസാരമായികണ്ടു. തൊട്ടു മുന്നില്‍ ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ നമ്മള്‍ എത്രമാത്രം ചെറുതാണ്, നമ്മള്‍ എത്രമാത്രം കരുതേണ്ടതുണ്ട് എന്നു മനസിലായെന്നു സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നു.

Exit mobile version