തിരുവനന്തപുരം: ഭർത്താവിന്റെ വിയോഗത്തിന് ശേഷം തന്നെ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ വീടും പുരയിടവും ഇഷ്ടദാനമായി മകന് നൽകിയ വിധവയും വൃദ്ധയുമായ അമ്മയ്ക്ക് ദുർഗതി. അമ്മയെ പുറത്താക്കി ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനായ മകൻ വീടും പൂട്ടി സ്ഥലം വിട്ടു. ഇതേതുടർന്ന് വീട്ടുവരാന്തയിൽ ജീവിതം തള്ളി നീക്കേണ്ട ഗതികേടിലായിരിക്കുകയാണ് ഈ അമ്മ.
ഒറ്റയ്ക്കായ വൃദ്ധ മാതാവ് ഇരുനിലവീടിന്റെ വരാന്തയിലാണ് ഇപ്പോൾ ഊണും ഉറക്കവും. വല്ലപ്പോഴും കാർഷെഡിൽ വച്ച് കഞ്ഞി ഉണ്ടാക്കും. ആരും ആശ്രയമില്ലാതെ വീടിന്റെ വരാന്തയിൽ ഒറ്റക്ക് കഴിയാൻ ഭയമാണന്നും മറ്റ് മാർഗ്ഗമില്ലാത്തത് കാരണമാണ് ഇവിടെ കഴിയുന്നതെന്നുമാണ് ഇവർ പറയുന്നത്.
വിഴിഞ്ഞം ഉച്ചക്കട പുലിവിളയിൽ ആർസി ഭവനിൽ ചന്ദ്രികയെയാണ് മകൻ പുറത്താക്കിയത്. തുടർന്ന് മറ്റ് മാർഗ്ഗങ്ങളില്ലാതെ മകനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ചന്ദ്രിക. ഇവർ നൽകിയ പരാതിയിൽ മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.
ചന്ദ്രികയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. മകൾ വിവാഹിതയായതിനെ തുടർന്ന് ദൂരെ സ്ഥലത്താണ് താമസം. ഭർത്താവ് മരിച്ചശേഷം ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനായ മകനോടൊപ്പമായിരുന്നു ചന്ദ്രിക താമസിച്ചിരുന്നത്. ഇവരുടെ മൂത്തമകൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഭർത്താവിന്റെ മരണശേഷം ചന്ദ്രിക 40 സെന്റ് ഭൂമിയും അതിലുള്ള ഇരുനില കെട്ടിടവും ഇളയ മകന് ഇഷ്ടദാനമായി നൽകിയതോടെയാണ് ഇവരുടെ ദുർഗ്ഗതി തുടങ്ങിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകനായ മകൻ ഈ വസ്തുവും വീടും ഭാര്യയുടെ പേരിൽ വിലയാധാരം ചെയ്തശേഷം അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. ഇയാൾ മറ്റെവിടെയോ മാറി താമസിക്കുയാണെന്നാണ് ഇവർ പറയുന്നത്.
Discussion about this post