കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുയും മോഡലുകളിൽനിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ഷെരീഫിനെ ശനിയാഴ്ച പുലർച്ചെയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഷെരീഫ് തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷെരീഫ് കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഇതുവരെ പിടിയിലായ സംഘത്തിന്റെ തലവൻ ഷെരീഫാണെന്നാണ് വിവരം. എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരൻ ഇയാളായിരുന്നു. എന്നാൽ പലയിടത്തും ഷെരീഫ് നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഷംന കാസിമിനെയടക്കം ഫോണിലൂടെ മാത്രമാണ് ഇയാൾ ബന്ധപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളും പരാതിക്കാരായ യുവതികളുമാണ് ഷെരീഫിനെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. തട്ടിപ്പുസംഘം സ്വർണ്ണക്കടത്തിന് പുറമേ കുഴൽപ്പണ ഇടപാടുകളും നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതിനായി ഒട്ടേറെ യുവതികളെ സംഘം ഉപയോഗിച്ചിരുന്നതാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഷെരീഫിനെ ചോദ്യം ചെയ്യുന്നതോടെ പല രഹസ്യങ്ങളും പുറത്തു വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Discussion about this post