കോഴിക്കോട്: പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം. ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാന്‍ മന്ത്രി തയ്യാറാവണമെന്ന് ദേശാഭിമാനി പറയുന്നു.
‘കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്’ എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനി മുഖപ്രസംഗം. വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരന്‍ ശ്രമിച്ചതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
സ്വന്തം മന്ത്രാലയംപോലും മന്ത്രി പറയുന്നതിന് അതിന് ചെവികൊടുത്തില്ല എന്ന് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു. മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അര്‍ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ദേശാഭിമാനി വ്യക്തമാക്കി.
കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റില്‍ എത്തിയ ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിവരെ ഉയര്ന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ലെന്നും സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ ഈ വിരോധത്തിന് കാരണമെന്നും ദേശാഭിമാനി ചോദിക്കുന്നു.