കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കാസർകോട്ടെ ടിക് ടോക്ക് താരം ഷെരീഫാണ് മുഖ്യസൂത്രധാരനെന്ന് പോലീസ്. ഇയാൾ വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിച്ചു. ഷെരീഫ് പോലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുനൽകിയാണ് നേരത്തെ തട്ടിപ്പിനിരായ യുവതികളെ കബളിപ്പിച്ചത്. നിലവിൽ പോലീസിന്റെ പിടിയിലായ റഫീഖാണ് ഈ ദൃശ്യങ്ങൾ അയച്ചുനൽകിയതെന്ന് തട്ടിപ്പിനിരയായ യുവതി പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ തന്നെ ഷെരീഫിന്റെയും സംഘത്തിന്റെയും തട്ടിപ്പിന് ഇരയായ യുവതികൾ പോലീസിൽ പരാതി നൽകി കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് റഫീഖ് തന്നെ ഇടപെട്ട് ഷെരീഫ് അറസ്റ്റിലായെന്ന് യുവതികളെ തെറ്റിദ്ധരിപ്പിച്ചത്. ഇത് വിശ്വസിപ്പിക്കാനായി പോലീസിന്റെ സ്റ്റിക്കർ പതിപ്പിച്ച ജീപ്പിൽ ഷെരീഫ് ഇരിക്കുന്ന ദൃശ്യങ്ങളും അയച്ചുനൽകി. എന്നാൽ പിന്നീട് ടിക് ടോക്കിൽ ഇതേ ജീപ്പിന് മുന്നിൽനിന്നുള്ള ഷെരീഫിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ കബളിപ്പിക്കുകയാണെന്ന് യുവതികൾക്ക് മനസിലായത്.
അതേസമയം, മുഖ്യസൂത്രധാരനായ ഷെരീഫിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾ എവിടെയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വൈകാതെ തന്നെ ഇയാൾ പിടിയിലാവുമെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പോലീസ് പറയുന്നുണ്ട്.