തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ആറ്റുകാല്‍ അടക്കം ഏഴിടത്താണ് നിയന്ത്രണം.
ആറ്റുകാല്‍, കുരിയാത്തി, കളിപ്പാന്‍കുളം, മണക്കാട്, ടാഗോര്‍ റോഡ്, തൃക്കണ്ണാപുരം, പുത്തന്‍പാലം, വള്ളക്കടവ് എന്നിവയാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 16 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മണക്കാട് സ്വദേശിയായ ഓട്ടോഡ്രൈവറില്നിന്നാണ് ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
നേരത്തേ ഇയാളുടെ ഭാര്യക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇയാളുടെ അടുത്ത ബന്ധുക്കളായ മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമെ വള്ളക്കടവിലും മങ്കാട്ട്കടവിലുമുള്ള രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post