കാളികാവ്: ഏറെ കഷ്ടപ്പെട്ടാണ് ചക്കി മക്കളെ വളര്‍ത്തിയത്. ഭര്‍ത്താവ് നേരത്തെ മരിച്ചതിനാല്‍ വീട്ടുജോലിക്ക് പോയാണ് മക്കള്‍ക്ക് ആഹാരം നല്‍കിയത്. എന്നാല്‍ ശ്രീധരന് ഒരു വയസ്സുള്ളപ്പോള്‍ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതത്തില്‍ നിന്നും അമ്മ ചക്കി യാത്രയായി.
അമ്മ മരിക്കുമ്പോള്‍ ശ്രീധരന് വീട്ടില്‍ കൂട്ടിനായി അവശേഷിച്ചത് രണ്ട് ചേച്ചിമാര് മാത്രം. ഏറ്റെടുക്കാന്‍ സ്വന്തക്കാരുപോലുമില്ലാതെ പറക്കമുറ്റാത്ത ആ മക്കള്‍ വീട്ടില്‍ തനിച്ചായി. എന്നാല്‍ ആ കുട്ടികളെ ആരുമില്ലാതെ ജീവിതത്തില്‍ തനിച്ചാക്കാന്‍ അയല്‍വാസിയും അമ്മയുടെ കൂട്ടുകാരിയുമായ അടയ്ക്കാക്കുണ്ടിലെ തെന്നാടന്‍ സുബൈദ തയ്യാറല്ലായിരുന്നു.
മക്കളുടെ കൈയ്യുംപിടിച്ച് സുബൈദ തന്റെ വീട്ടിലെത്തി. തന്റെ മൂന്ന് മക്കളോടൊപ്പം ചക്കിയുടെ മൂന്ന് മക്കളേയും സുബൈദ വളര്‍ത്തി വലുതാക്കി. സുബൈദയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് അസീസ് ഹാജിയുമൊപ്പമുണ്ടായിരുന്നു. മൂന്ന് മക്കളെ മുസ്ലീമായും മൂന്ന് മക്കളെ ഹിന്ദുവായും അവര്‍ വളര്‍ത്തി.
ഒരു വര്‍ഷം മുമ്പാണ് സുബൈദ ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. സ്വന്തം പെറ്റമ്മ തന്നെയായിരുന്ന സുബൈദയുടെ മരണത്തിന് പിന്നാലെ 45-കാരനായ ശ്രീധരന് ഗള്‍ഫിലെ ജോലിസ്ഥലത്തുനിന്ന് സമൂഹമാധ്യമത്തില്‍ അയച്ച സന്ദേശം വൈറല്‍ ആയപ്പോഴാണ് പുറംലോകം ഈ കഥ അറിയുന്നത്.
‘എന്റെ ഉമ്മ മരിച്ചു, സ്വര്‍ഗീയ ജീവിതത്തിനായി എല്ലാവരും പ്രാര്‍ഥിക്കണം. എനിക്ക് ഒരു വയസ്സായപ്പോള്‍ അമ്മ മരിച്ചതാണ്. രണ്ട് ചേച്ചിമാരും ഉണ്ട്. അമ്മ മരിച്ചദിവസംതന്നെ ഞങ്ങളെ മൂന്ന് പേരേയും ആ ഉമ്മയും ഉപ്പയും അവരുടെ വീട്ടില്‍ താമസിപ്പിച്ചു. സ്വന്തം മക്കളായിക്കണ്ട് വിദ്യാഭ്യാസവും നല്കി വളര്‍ത്തി. ചേച്ചിമാരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാണ്. പെറ്റമ്മയെക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്. അവസാനമായി ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന വേദന ബാക്കിനില്ക്കുന്നു’- ഇതായിരുന്നു ഒമാനില്‍ നിന്നുള്ള ശ്രീധരന്റെ പോസ്റ്റ്.
സുബൈദയുടെ നന്മ നിറഞ്ഞ ജീവിതം വെള്ളിത്തിരയിലെത്തിക്കുകയാണ്. സുബൈദയുടെ ജീവിതം സിനിമയാകുന്നൂവെന്നതാണ് മക്കളായ ഷാനവാസിനും ശ്രീധരനുമൊക്കെ സന്തോഷംനല്‍കുന്ന ഒടുവിലത്തെ വാര്‍ത്ത. സിദ്ദീഖ് പറവൂര്‍ സംവിധാനംചെയ്യുന്ന സിനിമയില്‍ സുരഭി സുബൈദയുടെ വേഷമണിയും. ചിത്രീകരണത്തിന്റെ സ്വിച്ച്ഓണ്‍ സുബൈദയുടെ ഭര്‍ത്താവ് അസീസ് ഹാജി വീട്ടുമുറ്റത്ത് മക്കളായ ഷാനവാസിനും ജാഫറിനും ഒപ്പം നിര്‍വഹിച്ചു.
Discussion about this post