താനൂര്‍: കോവിഡ് പകരുമെന്ന ഭീതിയില്‍ രണ്ടുഗ്രാമങ്ങള്‍ക്കിടയില്‍ പണിത പാലം പൊളിച്ചു. താനൂര്‍ നഗരസഭയിലെ ചീരാന്‍ കടപ്പുറത്തെയും താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുങ്ങലിനെയും ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള മുളപ്പാലമാണ് പൊളിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോവിഡ് പകരുമെന്ന ഭീതിയില്‍ കണ്ടയ്ന്‍മെന്റ് സോണായ ചീരാന്‍കടപ്പുറം ഭാഗത്തുള്ളവര്‍ കടക്കാതിരിക്കാനാണ് പാലം പൊളിച്ചതെന്ന് താനൂര്‍ നഗരസഭ ആരോപിച്ചു. താനൂര്‍ നഗരസഭയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും ആരുടെയും നിര്‍ദേശമില്ലാതെയാണ് പാലം പൊളിച്ചതെന്നും താനൂര്‍ നഗരസഭാധ്യക്ഷ സി.കെ. സുബൈദ പറഞ്ഞു.
താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് കുണ്ടുങ്ങല്‍ വാര്‍ഡിലെ സി.പി.എം. അംഗം കാദര്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലം പൊളിച്ചതെന്ന് താനൂര്‍ നഗരസഭ ആരോപിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ആളുകള്‍ എത്തുന്നത് തടയാനാണ് പാലം അടച്ചതെന്നും പാലം പൊളിച്ചിട്ടില്ലെന്നും കാദര്‍കുട്ടി പറഞ്ഞു.
ഇതിനിടെ ഈ പേരും പറഞ്ഞ് ഇരുപത്തഞ്ചോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചതായും കാദര്‍കുട്ടി പറഞ്ഞു. പാലം പൊളിച്ചതറിയാതെ ഇതുവഴി വന്ന നിരവധി ആളുകള്‍ക്കാണ് പുഴയില്‍വീണ് പരിക്കേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Discussion about this post