തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനെ അനുകൂലിച്ച് വരുന്നവരെ വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യ വിമര്‍ശകയുമായ ജെ ദേവിക. ദീപാ നിശാന്തിനെ പ്രണയത്തില്‍ വീണു പോയ പതിനാറുകാരിയായി ചിത്രീകരിക്കരുത്. അതാണ് ശരിക്കും സ്ത്രീവിരുദ്ധം. അവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ കഴിയേണ്ട സ്ത്രീയാണ്. എല്ലാത്തിലും ഉപരി അവര്‍ ഒരു അദ്ധ്യാപികയാണ്. അവരുടെ ചെയ്തികളുടെ ധാര്‍മ്മികബാദ്ധ്യത അവര്‍ ഏറ്റെടുക്കണമെന്നും സ്വയം ഉരുണ്ട് കളിച്ച് സ്വയമിങ്ങനെ താഴാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ദീപാ നിശാന്തെ എന്നും ജെ ദേവിക ചോദിക്കുന്നു.
ദീപാ നിശാന്തിനെ മാപ്പാക്കണമെന്നു പറഞ്ഞ് പോസ്റ്റിടുന്നവര്‍ ഉണ്ടാക്കുന്ന ഓക്കാനം സംഘികള്‍ ഉണ്ടാക്കുന്ന രോഷത്തെക്കാള്‍ അസഹ്യമാണെന്നും ദേവിക വിമര്‍ശിക്കുന്നു. ഫേയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു ദേവികയുടെ വിമര്‍ശനം.
ഫേയ്‌സ്ബുക്ക് കുറിപ്പ്:
ദീപാ നിശാന്തിനെ പ്രണയത്തില്‍ വീണു പോയ പതിനാറുകാരിയായി ചിത്രീകരിക്കുന്ന ഈ രീതിയാണ് ശരിക്കും സ്ത്രീവിരുദ്ധം. സ്ത്രീകള്‍ ധാര്‍മ്മികബാദ്ധ്യത ചുമക്കാന്‍ കഴിവില്ലാത്ത വികാരജീവികളാണെന്ന ആ പിതൃമേധാവിത്വ ധാരണയെ കൂട്ടുപിടിച്ച് അവരെ രക്ഷിക്കാന്‍ നോക്കരുത്.
ഈ സ്ത്രീ മുതിര്‍ന്നവളാണ്. പൌരിയാണ്. അദ്ധ്യാപികയാണ്. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ കഴിയേണ്ടവളാണ്. ശരിക്കും, ഈ ചെയ്തി അവരുടെ സര്‍വിസ് റെക്കോഡില്‍ വരേണ്ടതാണ്. നല്ലകുട്ടികളിക്കുന്ന സ്ത്രീകള്‍ക്കു മാത്രം അതൊന്നും ബാധകമല്ലെന്നു വന്നുകൂട.
സ്ത്രീയെ ആധുനികസമൂഹത്തിലേക്കു പാകപ്പെടുത്തേണ്ട ഉത്തരവാദിത്വം സാമൂഹ്യപരിഷ്‌കാക്കാരികളായ പുരുഷനാണെന്ന ധാരണ വ്യാപകമായ 1920-20കളില്‍ പലരും ഉന്നയിച്ച ആശയമാണ്, ഉത്തമസ്ത്രീ അവസാനവിശകലനത്തില്‍ കുട്ടിയാണെന്നത്. അതായത് സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ഭര്‍ത്താവ് നിരന്തരം വളര്‍ത്തിയെടുക്കേണ്ടവള്‍.
അന്നാ ചാണ്ടി 1930കളില്‍ തിരുവിതാംകൂറില്‍ സ്ത്രീകളെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയിരുന്ന ചട്ടത്തിലെതിരെ സംസാരിച്ചത് ഈ കൊച്ചുകുട്ടിയാക്കലിനെതിരെയാണ്. ധാര്‍മ്മികബാദ്ധ്യത താങ്ങാനാവുന്ന സ്ത്രീകള്‍ക്കേ അത്മാഭിമാനമുണ്ടാവൂ. എന്നാല്‍ അതുള്ളവരെ മലയാളിപുരുഷന്മാര്‍ക്കു പൊതുവെ ഭയമാണ്. ദീപാ നിശാന്തിനെ മാപ്പാക്കണമെന്നു പറഞ്ഞ് പോസ്റ്റിടുന്നവര്‍ ദയവുചെയ്ത് എന്നെ അണ്‍ഫ്രണ്ട് ചെയ്യണം. നിങ്ങള്‍ ഉണ്ടാക്കുന്ന ഓക്കാനം സംഘികള്‍ ഉണ്ടാക്കുന്ന രോഷത്തെക്കാള്‍ അസഹ്യമാണ്.
ആ നിലയിലേക്കു സ്വയമിങ്ങനെ താഴാന്‍ നിങ്ങള്‍ക്ക് നാണമില്ലേ, ദീപാ നിശാന്ത്? പ്രത്യേകിച്ച് ആണധികാരികള്‍ക്കു രുചിക്കാത്ത വിധത്തില്‍ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെല്ലാം വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തില്‍. 1990കള്‍ക്കു മുന്‍പുണ്ടായിരുന്ന സ്ത്രീശബ്ദശൂന്യതയിലേക്കു കേരളത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന ഈ നാട്ടില്‍.
ഇവരും ഈ ചിത്രനും വളര്‍ന്നതിന് ഉത്തരവാദി ഇവിടുത്തെ മീഡിയോക്കറായ വായനാസമൂഹവും കൂടിയാണ്. കേരളത്തിലിന്ന് മീഡിയോക്കര്‍ എഴുത്തിന് വലിയ വിപണിയുണ്ട്. അതിന് സ്ത്രീരൂപവും പുരുഷരൂപവും ഉണ്ട്, അവയില്‍ ലിംഗപ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് പഠിക്കേണ്ട വിഷയമാണ്. കേരളത്തില്‍ പുരുഷാധികാരവിരുദ്ധ ആത്മപ്രകാശനത്തിന്റെ മുഖ്യവാഹനമായിരുന്ന ആത്മകഥയെ നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള എഴുത്താണ് മീഡിയോക്കര്‍ പെണ്ണെഴുത്ത് (ഈ വാക്കുണ്ടാക്കിയവര്‍ ദയവായി ക്ഷമിക്കുക) ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.
സാഹിത്യവിമര്‍ശനത്തിന് സ്വന്തം പിതൃമേധാവിത്വപ്പട്ടം അഴിച്ചുവച്ച് സ്വയം പുനര്‍നിര്‍മ്മിക്കാനായിട്ടില്ല, 1980കള്‍ക്കു ശേഷം. അതുകൊണ്ട് വിപണിയാണ് സാഹിത്യത്തെ നിര്‍ണ്ണയിക്കുന്നത്, മറക്കരുത്.
(ജെ. ദേവിക)