കാഞ്ഞങ്ങാട്: ചക്ക വീണ് നട്ടെല്ലുതകര്‍ന്നു ചികിത്സയില്‍ കഴിയവെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിലെ കരിയത്ത് ഗ്രാമത്തിലെ കോട്ടൂര്‍ റോബിന്‍ തോമസാണ് മരിച്ചത്. 44 വയസ്സായിരുന്നു.
വീട്ടുപറമ്പിലെ പ്ലാവിന്റെ താഴത്തെ കൊമ്പില്‍ കയറി കൊക്കകൊണ്ട് ചക്ക പറിക്കുന്നതിനിടെ മേയ് 19-നാണ് റോബിന്റെ തലയില്‍ ചക്ക വീണത്. ചക്ക മറ്റൊരു കൊമ്പിലേക്ക് വീഴുകയും ഈ കൊമ്പും ചക്കയും ദേഹത്ത് പതിച്ച റോബിന്‍ താഴേക്കു വീഴുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റോബിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. നട്ടെല്ല് തകര്‍ന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ നിന്നും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചു.
റോബിന് ശസ്ത്രക്രിയ നടത്തുന്നതിനുമുന്‍പ് കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായെങ്കിലും ആരില്‍നിന്നാണ് പകര്‍ന്നതെന്ന് കണ്ടെത്താനായില്ല. ഇയാള്‍ വെന്റിലേറ്ററിലായതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പിനും കഴിഞ്ഞില്ല.
പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ: അല്‍ഫോന്‍സ (ബിന്ദു). മക്കള്‍: റിയ, റോണ്‍. സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.
Discussion about this post