മഞ്ചേരി: സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യ കോവിഡ് മുക്തി. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി സൈനുദ്ദീന്‍ സഖാഫി (50) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. വെള്ളിയാഴ്ച ഇദ്ദേഹം ആശുപത്രിവിട്ടു. സൈനുദ്ദീനെ യാത്രയാക്കാന്‍ പ്ലാസ്മ ദാതാവ് വിനീതും ആശുപത്രിയിലെത്തി.
ജൂണ്‍ 13നാണ് സൈനുദ്ദീന് രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായിരുന്നു.
വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
തുടക്കത്തില്‍ ശരാശരി രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം നില മോശമായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കി. ചികിത്സ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്യമായ പുരോഗതിയുണ്ടായി. വെള്ളിയാഴ്ചയോടെ രോഗം പൂര്‍ണമായി ഭേദമായി.
എടപ്പാള്‍ കോലളമ്പ് കല്ലൂരില്‍ വീട്ടില്‍ വിനീത് ആണ് ഇദ്ദേഹത്തിന് പ്ലാസ്മ ദാനം ചെയ്തത്. വിനീത് മെയ് 27ന് കോവിഡ് മുക്തനായി ആശുപത്രിവിട്ടിരുന്നു. ചെന്നൈയില്‍ ബേക്കറി ജോലിക്കിടെയാണ് വൈറസ് ബാധിച്ചത്.
സൈനുദ്ദീന് പ്ലാസ്മ തെറാപ്പി നിര്‍ദേശിച്ചതോടെ കോവിഡ് നോഡല്‍ ഓഫീസറായ ഡോ. ഷിനാസ്ബാബുവാണ് വിനീതിനെ സമീപിച്ചത്. ഈമാസം 13ന് ആശുപത്രിയിലെത്തി പ്ലാസ്മ നല്‍കി. സംസ്ഥാനത്തെ ആദ്യ പ്ലാസ്മ തെറാപ്പിയില്‍ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്ന് വിനീത് പറഞ്ഞു.
Discussion about this post