തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിച്ചു. അപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച്എംസി സ്റ്റാഫ് അറ്റന്‍ഡര്‍ ഗ്രേഡ്-2 ആയ എസ് കുമാരിയുടെ (46) കുടുംബത്തിനാണ് ആനുകൂല്യം ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് തുക ലഭിച്ചത്.ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.
50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കുമാരിയുടെ മക്കളായ ആര്‍കെ ശ്രീനാഥ്, ആര്‍കെ ശ്രുതിനാഥ് എന്നിവര്‍ക്ക് മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, കൊവിഡ്-19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ എന്നിവര്‍ സന്നിഹിതരായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ചിരുന്ന കുമാരിയുടെ മരണം നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് തീരാനഷ്ടമാണെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
2013 മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു എസ് കുമാരി. മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡിലെ നൈറ്റ് ഡ്യൂട്ടിയ്ക്ക് വരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
Discussion about this post