കോഴിക്കോട്: ആധാരം എഴുത്തുകാരനിൽ നിന്നും അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ചേവായൂർ മുൻ സബ് രജിസ്ട്രാർ കൊയിലാണ്ടി എടക്കുളം പികെ ബീനയ്ക്ക് ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി കെവി ജയകുമാറിന്റേതാണ് അപൂർവമായ വിധി. ഒരു കൈക്കൂലി കേസിൽ സർക്കാർ സർവീസിലുള്ള ഒരാൾക്ക് ഈ അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി ജയിൽ ശിക്ഷയനുഭവിക്കണം.
2014 ഫെബ്രുവരി 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ പി ഭാസ്കരനെന്ന വ്യക്തിയിൽ നിന്നും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ അന്നത്തെ സബ് രജിസ്ട്രാറായിരുന്ന ബീന ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇദ്ദേഹം വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.
വിജിലൻസിന്റെ നിർദേശ പ്രകാരം 2014 ഫെബ്രുവരി 22ന് തന്നെ പ്രത്യേക നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസിൽ വെച്ച് അന്നത്തെ വിജിലൻസ് ഡിവൈഎസ്പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു. ഈ കേസിലാണ് വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറഞ്ഞത്.
ഇന്ന് കോടതിയിലെത്തിയ ബീന മജിസ്ട്രേറ്റിന് മുന്നിൽ തലകറങ്ങി വീഴുകയും തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ശിക്ഷായിളവ് നൽകണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കുകയായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെങ്കിലും കൊവിഡ് കാലമായതിനാൽ പ്രത്യേക നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും കൊണ്ടുപോവുക. നിലവിൽ ജില്ലാ രജിസ്ട്രാർ ഓഫീസിൽ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയാണ് പികെ ബീന. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും മറ്റൊരു കേസുകൂടി ഇവർക്കെതിരെ ഉണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഒ ശശി ഹാജരായി.
Discussion about this post