തിരുവനന്തപുരം: കേരളത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി എകെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എകെ ബാലൻ പറഞ്ഞു. വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസ്സിലാക്കണമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം അനുസരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം നേരത്തെ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അതിന് മറുപടിയായി അയച്ച കത്താണ് ഇന്നലെ സർക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.
യുഎൻ വെബിനാറിൽ പങ്കെടുത്തത് പോലും സർക്കാർ പിആർ വർക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളിൽ ഔപചാരികമായ വാക്കുകൾ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി എകെ ബാലൻ.
Discussion about this post