ഗുരുവായൂര്‍: നാല് മാസത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണിത്തുടങ്ങി. ക്ഷേത്രത്തിനു പുറത്തു ദീപസ്തംഭത്തിനു സമീപമുള്ള ഭണ്ഡാരമാണ് കഴിഞ്ഞ ദിവസം തുറന്നത്. ആദ്യദിവസത്തെ വരുമാനം 15.29 ലക്ഷം രൂപയാണ്. ഫെബ്രുവരി 15നാണ് ഇതിനു മുമ്പ് ഭണ്ഡാരം എണ്ണിയത്.
ഇരുപത് കുട്ടകങ്ങളില്‍ പണം ശേഖരിച്ച് എണ്ണല്‍ ആരംഭിച്ചു. അതേസമയം ഈ ഭണ്ഡാരത്തിലെ പകുതി തുക മാത്രമേ ഇപ്പോള്‍ എടുത്തിട്ടുള്ളു. കഴിഞ്ഞ ദിവസത്തെ എണ്ണല്‍ രാത്രി ഏഴോടെയാണ് പൂര്‍ത്തിയായത്. ഭണ്ഡാരം നാല് മാസമായി തുറക്കാത്തതിനാല്‍ ഇതിലുള്ള നോട്ടുകളില്‍ പൂപ്പല്‍ പിടിച്ചതിനാല്‍ അവ വിടര്‍ത്തിയെടുക്കാന്‍ ഏറെ സമയം വേണ്ടി വരുന്നുണ്ടെന്നാണ് പറയുന്നത്.
അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ 36 ഭണ്ഡാരങ്ങള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും സമയം എടുക്കുമെന്നാണ് പറയുന്നത്. എല്ലാ മാസവും അറുപതോളം പേര്‍ ചേര്‍ന്ന് പന്ത്രണ്ട് ദിവസം കൊണ്ടാണ് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയാക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇരുപത് പേര്‍ക്ക് മാത്രമേ കലക്ടര്‍ അനുമതി നല്‍കിയിട്ടുള്ളു. എന്നാല്‍ കൂടുതല്‍ പേരെ അനുവദിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post