ചെങ്ങന്നൂര്‍: പ്രളയ ദുരിതാശ്വാസത്തിന് ഏറെ സഹായകരമാകുന്ന വിദേശ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മോഡിയും ചേര്‍ന്ന് ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ തീരുമാനത്തോടെ യുഎഇയുടെ 700 കോടി അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കാവുന്ന പ്രളയ ദുരിതാശ്വാസ സഹായം ഇല്ലാതായി.
യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് കേരളത്തിന് നൂറ് മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തോട് നന്ദി അറിയിച്ചു. എന്നാല്‍, പിന്നീട് സഹായം വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. ആ തീരുമാനം എന്തുകൊണ്ടെന്ന് അറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദി വിദേശ സഹായങ്ങള്‍ കൈപ്പറ്റിയതാണെന്നും പിണറായി പറഞ്ഞു.
2500 കോടി കേന്ദ്രസംഘം ശുപാര്‍ശ ചെയ്തെന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇതേതുടര്‍ന്ന് പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജിനാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. ഇക്കാര്യത്തെ കുറിച്ച് ഒരു മറുപടിയും ഇതുവരെ ലഭ്യമായിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ കേരളത്തിന് 10 ശതമാനം വര്‍ധനവ് നല്‍കുക, വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്യുക തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രത്തിന്റെ മറുപടിയും ലഭിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
Discussion about this post