തൃശ്ശൂർ: മുല്ലശ്ശേരി സ്വദേശിനിയായ നവവധു പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്ന്. ശ്രുതി മരിച്ചു കിടന്ന സ്ഥലത്ത് സംഘം പരിശോധന നടത്തും. ശാസ്ത്രീയ തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം. കേസിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്നാരോപിച്ച് ആക്ഷൻ കൗൺസിൽ പെരിങ്ങോട്ട്കരയിൽ ഏകദിന ഉപവാസ സമരം നടത്തിയിരുന്നു.
കേസിലെ അന്വേഷണ പുരോഗതിറിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായാണ് അന്വേഷണ സംഘം ശ്രുതി മരിച്ചു കിടന്ന ഭർത്തൃഗൃഹത്തിൽ ഇന്ന് സന്ദർശനം നടത്തുന്നത്. ക്രൈം ബ്രാഞ്ച് സംഘത്തിന് പുറമേ ഫോറൻസിക് സർജൻമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവും സ്ഥലത്ത് എത്തും. തെളിവ് ശേഖരിക്കുന്നതിൽ തുടക്കം മുതൽ വീഴ്ച വന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് നീക്കം.
നേരത്തെ, കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്തിക്കാട് സിഐ പികെ മനോജിനെയും എസ്ഐ കെജെ ജിനേഷിനെയും വകുപ്പുതല നടപടിയുടെ ഭാഗമായി നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം, അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമവശ്യപ്പെട്ടായിരുന്നു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പെരിങ്ങോട്ട് കരയിൽ ഉപവാസ സമരം നടത്തിയത്. സിആർ നീലകണ്ഠൻ സമരം ഉദ്ഘാടനം ചെയ്തു. ‘പെമ്പിളൈ ഒരുമൈ’ സമര നായിക ഗോമതി, ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
Discussion about this post