കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശം. ഇവർക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പോലീസ് അന്വേഷിക്കുന്നത്. ഇവർ പലതവണ പെൺകുട്ടികളെ വലയിൽ വീഴ്ത്തി സംഘത്തിന് മുന്നിൽ എത്തിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.
ആലപ്പുഴയിലുള്ള മോഡലിന്റെ സുഹൃത്താണ് മീര. ഷംന കാസിമിന്റെ കേസിനെ കുറിച്ചറിഞ്ഞതോടെ തനിക്കുണ്ടായ സമാനമായ ദുരനുഭവവും ഈ മോഡൽ പങ്കുവെച്ചിരുന്നു. മീരയുടെ നിർദ്ദേശപ്രകാരമാണ് ഈ യുവതി ഒരു ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഷംനയ്ക്ക് തട്ടിപ്പ് സംഘം അയച്ചുകൊടുത്ത ഫോട്ടോയിലെ ടിക് ടോക്ക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ കാസർകോടുള്ള ഇയാളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക്ക് താരത്തിന്റെ നിരവധി ഫോട്ടോകൾ തട്ടിപ്പ് സംഘം നൽകിയിരുന്നു. ഇത് എങ്ങനെയാണ് സംഘത്തിന് കിട്ടിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ, അറസ്റ്റിലായ നാല് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇവരെ പാലക്കാട് രഹസ്യകേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞ് വയ്ക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകളും ചേർക്കും. സ്വർണ്ണക്കടത്തിൽ ഇവർക്കുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിദേശത്ത് നിന്നും സ്വർണ്ണം കടത്തിയവരെയും ചോദ്യം ചെയ്യും.