വിളവെടുപ്പ് നടത്താന്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് 460 രൂപ, 100 കിലോ വെണ്ട വിറ്റപ്പോള്‍ ആകെ കിട്ടിയത് 400 രൂപ, ഗത്യന്തരമില്ലാതെ കര്‍ഷകന്‍ ഒരേക്കറിലെ കൃഷി നശിപ്പിച്ചു

പാലക്കാട്; വിളവെടുത്ത 100 കിലോ വെണ്ടക്കയ്ക്ക് ലഭിച്ചത് ആകെ 400 രൂപ. ഗത്യന്തരമില്ലാതെ കര്‍ഷകന്‍ ഒരേക്കറിലെ വിള ഉഴുതുമറിച്ചു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പറയിലെ കര്‍ഷകനാണ് വില ലഭിക്കാത്തതിനെ തുടര്‍ന്ന് വെണ്ട കൃഷി ഒന്നടങ്കം നശിപ്പിക്കേണ്ടിവന്നത്.

വെള്ളാരംകല്‍മേട് മേനോന്‍കളം വി.എസ്.സുന്ദരന്‍ എന്ന 68കാരനാണ് ഒരേക്കര്‍ കൃഷിയിടത്തിലെ വിള ഉഴുതുമറിച്ചത്. സുന്ദരനും ഭാര്യ സരോജിനിയും മണല്‍ത്തോട് ഒറ്റക്കടയില്‍ 5 വര്‍ഷത്തോളമായി നിലം പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയാണ്. കൃഷിയിലൂടെയാണ് കുടുംബം ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്.

സാധാരണ വെണ്ട 35 മുതല്‍ 45 തവണ വരെ വിളവെടുക്കാറുണ്ട്. പത്താമത്തെ വിളവെടുപ്പാകുമ്പോഴേക്കും 250 കിലോ വരെ ലഭിച്ചുതുടങ്ങും. ഇപ്പോള്‍ 3 തവണ മാത്രമാണു വിളവെടുത്തത്. 100 കിലോഗ്രാമില്‍ താഴെ വെണ്ടക്ക കൊഴിഞ്ഞാമ്പാറ വിപണിയിലെത്തിച്ചപ്പോള്‍ 4 രൂപ നിരക്കില്‍ 400 രൂപയാണു ലഭിച്ചത്.

വിളവെടുപ്പു നടത്താന്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് 460 രൂപയാണ്. തൊഴിലാളികള്‍ക്ക് കൂലികൊടുത്തതും പാട്ടത്തുകയും കൃഷിയിറക്കാനുള്ള ചെലവുമടക്കം 30,000 രൂപയോളം മുതല്‍മുടക്കുണ്ടെന്നും സുന്ദരന്‍ പറയുന്നു. കിലോയ്ക്ക് 30 രൂപയ്ക്ക് ഇവരുടെ സമീപപ്രദേശങ്ങളില്‍ പോലും വെണ്ടയ്ക്ക് വിലയില്ലെന്നും കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു.

വെണ്ടയ്ക്ക് പകരം നെല്‍കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ് ഇനി ഈ കര്‍ഷകന്‍. അതിനുള്ള ഞാറു വില പറഞ്ഞുറപ്പിച്ചിട്ടുണ്ടെന്നും വെണ്ടച്ചെടികള്‍ പച്ചിലവളമാകുമെന്നും സുന്ദരന്‍ പറയുന്നു.

Exit mobile version