കണ്ണൂര്‍: അമ്മയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ 18 ലക്ഷം രൂപ വേണമെന്നറിഞ്ഞതോടെ വര്‍ഷ തളര്‍ന്നു, അവള് ആശുപത്രി വരാന്തയില്‍ പൊട്ടിക്കരഞ്ഞു. മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെ ചാരിറ്റി പ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി സാജന് കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ആ കണ്ണീര് മൊബൈലില്‍ പകര്‍ത്തി ലോകത്തിനുനല്‍കി. പിന്നീട് നടന്നതെല്ലാം വര്‍ഷയ്ക്ക് അത്ഭുതം തന്നെയായിരുന്നു.
വെറും 14 മണിക്കൂര്‍കൊണ്ട് വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയത് 50 ലക്ഷം രൂപയാണ്. ചികിത്സയ്ക്കാവശ്യമായ പണമായെങ്കിലും വീണ്ടും അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തിക്കൊണ്ടേയിരുന്നു. ഇതുവരെ അക്കൗണ്ടിലേക്കെത്തിയത് 89 ലക്ഷം രൂപയാണ്. ഇതോടെ ബാങ്കുകാര് പിന്നീട് അക്കൗണ്ട് ക്ലോസ് ചെയ്തു.
അക്കൗണ്ടില്‍ ചികിത്സയ്ക്കാവശ്യമായ പണത്തില്‍ കൂടുതല്‍ എത്തിയപ്പോള്‍ തന്നെ പണം ലഭിച്ച വിവരം സാജന് സാമൂഹികമാധ്യമത്തില്‍ വന്നു പറഞ്ഞിരുന്നു. ഇനി ആരും പണം അയക്കേണ്ടെന്നും ചികിത്സയ്ക്ക് ആവശ്യമായ പണമായി എന്നും സാജന് സുമനസ്സുകളെ അറിയിച്ചിരുന്നു.
വിവരം ബാങ്കുകാരെയും അറിയിച്ചു. അപ്പോഴേക്കും ഒരു മണിക്കൂര്‍കൊണ്ട് വീണ്ടും പത്തുലക്ഷം കൂടിയെത്തി. അല്പം കഴിഞ്ഞപ്പോഴേക്കും 89 ലക്ഷമായി കാരുണ്യവര്‍ഷം. ഇതിന് ശേഷം ബാങ്കുകാര് അക്കൗണ്ട് ക്ലോസ് ചെയ്തു. വര്‍ഷയുടെ അമ്മ രാധയുടെ ചികിത്സയക്കെല്ലാം കൂടി 25 ലക്ഷമെങ്കിലും കണക്കാക്കുന്നു.
ബാക്കി തുകയ്ക്ക് വീടില്ലാത്ത വര്‍ഷ ഒരു വീടുവെക്കട്ടെയെന്നും ബാക്കിയുണ്ടെങ്കില്‍ അതവള് കഷ്ടതയനുഭവിക്കുന്ന മറ്റാര്‍ക്കെങ്കിലും കൊടുക്കട്ടെയെന്നും സാജന് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കാക്കത്തോട് വാടകവീട്ടിലാണ് അമ്മ രാധയും മകള്‍ വര്‍ഷയും താമസിക്കുന്നത്. അമ്മ ഐസ്ക്രീം പാര്‍ലറില്‍ ജോലിയെടുത്തുള്ള തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുള്ളൂ.
സ്വന്തമായി വീടും കിടപ്പാടവുമില്ലാത്ത കുടുംബത്തെ അച്ഛന് ഉപേക്ഷിച്ചുപോയി. അതിനിടെയാണ് അമ്മ രോഗിയായി മാറിയത്. എറണാകുളം അമൃതയില്‍ ചികിത്സയ്ക്കുപോയപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്നും മാറ്റിവെച്ചാലേ ജീവന് തിരിച്ചുകിട്ടൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നത്.
ചികിത്സയ്ക്കായി 18 ലക്ഷം രൂപ വേണ്ടിവരമെന്നും പറഞ്ഞു. ഇത്രയും വലിയ തുക കണ്ടെത്താന്‍ മുന്നില്‍ മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് വര്‍ഷ സഹായം അഭ്യര്‍ത്ഥിച്ച വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ സുമനസ്സുകള്‍ അവളെ തളരാതെ ചേര്‍ത്തുപിടിച്ചു.
പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വ്യാഴാഴ്ച 11 മണിക്കാണ് തുടങ്ങിയത്. ശസ്ത്രക്രിയയ്ക്കുമുമ്പ് വര്‍ഷ സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവരോടും നന്ദിപറഞ്ഞു. ”ദൈവത്തിന്റെ രൂപത്തിലാണ് സാജനും സുഹൃത്തുക്കളും മുന്നിലെത്തിയത്.” -അവള് പറഞ്ഞു.
Discussion about this post