ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണെന്നു വിദേശ കാര്യ മന്ത്രാലയം. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്.
മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറും.
വന്ദേ ഭാരത് മിഷന് ഫ്ലൈറ്റുകളുടെ സുഗമമായ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവും എന്നും അദ്ദേഹം കേരളാ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്തയ്ക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം, വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ കോവിഡ് പരിശോധന നടത്തിയ ശേഷം കൊണ്ടുവരുണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ട്രൂനാറ്റ് കിറ്റ് കൊണ്ടുപോകുന്നത് അച്ചാറും പപ്പടവും കൊണ്ടുപോകുന്നത് പോലെയല്ലെ എന്നായിരുന്നു മുരളീധരന്റെ പരിഹാസം. രോഗലക്ഷണമില്ലാത്തവര്‍ പോലും ടെസ്റ്റ് നടത്തണമെന്ന് പറയുന്നതിലെ യുക്തി എന്താണെന്നും മുരളീധരന് ചോദിച്ചിരുന്നു.
എന്നാല്‍ ട്രൂനാറ്റ് പരിശോധന നടത്താനുള്ള സംവിധാനം ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. ട്രൂനാറ്റ് പരിശോധന ഈ രാജ്യങ്ങളില്‍ നടക്കുന്നുണ്ടോ എന്ന് ലോകകേരള സഭ വഴി അന്വേഷിക്കാമായിരുന്നു എന്നും പറയുന്നുണ്ട്.
Discussion about this post