കണ്ണൂർ: മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ വഴി തേടി സോഷ്യൽമീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച വർഷയ്ക്ക് കൈത്താങ്ങായി ആയിരക്കണക്കിന് ജനങ്ങൾ. അമ്മയ്ക്കായി സഹായം തേടിയ വർഷയെ സ്വന്തം മകളായി കണ്ട് മലയാളികൾ നെഞ്ചോട് ചേർക്കുകയായിരുന്നു. കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വർഷയാണ് അമ്മ രാധയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യർത്ഥിച്ചത്.
വർഷയുടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ നിരവധി പേർ തങ്ങളാൽ കഴിയുംവിധം കൈയ്യയച്ച് സഹായിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 60 ലക്ഷം രൂപയാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.
പതിനായിരം രൂപയുമായി അമ്മയേയും കൊണ്ട് ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിയതായിരുന്നു വർഷ. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഈ മകൾ. അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വർഷ അവസാന പ്രതീക്ഷയെന്ന നിലയിൽ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു.
10,000 രൂപയുമായി കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേർ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വർഷ വീഡിയോയിൽ പറഞ്ഞത്. വർഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വർഷ പറയുന്നതിന്റെ വീഡിയോയും സാജൻ കേച്ചേരി പങ്കുവെച്ചിട്ടുണ്ട്.
Discussion about this post