കോഴിക്കോട്: യുവമോര്‍ച്ച കോഴിക്കോട് ജില്ലാ ഘടകത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷം. എംടി രമേശിനെ അനുകൂലിക്കുന്നവരും കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരും തമ്മിലാണ് പോര്. ചേരിതിരിവ് ശക്തമായതോടെ പ്രതിഷേധ സമരങ്ങള്‍ വരെ പ്രത്യേകമാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കോഴിക്കോട് ഇന്നലെ രണ്ട് ഗ്രൂപ്പുകളും പ്രത്യേകം പരിപാടി നടത്തി.
ഇന്നലെ രാവിലെ സിവില്‍ സ്റ്റേഷന് മുന്നില്‍ ജില്ലാ വൈസ് പ്രസിഡന്റ് ലിബിന്റെ നേതൃത്തിലായിരുന്നു ആദ്യ സമരം. സംസ്ഥാന വനിതാ കണ്‍വീനര്‍ ശിഖയായിരുന്നു ഇത് ഉദ്ഘാടനം ചെയ്തത്. ബിജെപിയില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് ഒപ്പം നില്‍ക്കുന്നവരാണിവര്‍.
അതെസമയം ആദ്യ പരിപാടിയില്‍ നിന്നും വിട്ട് നിന്ന ജില്ലാ പ്രസിഡന്റ് ടി റെനീഷും കൂട്ടരും ഇതേ സ്ഥലത്ത് സമരവുമായി എത്തി. എം.ടി രമേശിന് ഒപ്പം നിലകൊള്ളുന്നവരാണ് റെനീഷ് അടക്കമുള്ളവര്‍. ആദ്യ സമരം ഔദ്യോഗികമല്ലെന്നാണ് രണ്ടാമത് സമരവുമായി എത്തിയവരുടെ നിലപാട്.
ബിജെപിയിലെ ഗ്രൂപ്പിസം യുവമോര്‍ച്ചയിലും ശക്തമാവുന്നതിന്റെ സൂചനയാണിത്. കെ സുരേന്ദ്രന്‍ പക്ഷത്തുള്ള പ്രഫുല്‍ കൃഷ്ണയെ സംസ്ഥാന അധ്യക്ഷനാക്കിയപ്പോള്‍ റെനീഷിനെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്നും തഴഞ്ഞതും ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിന് കാരണമായി. പിന്നീട് റെനീഷിനെ യുവമോര്ച്ച ജില്ലാ പ്രസിഡന്റ് ആക്കുകയായിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് നടക്കേണ്ട സമരങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് നടക്കുന്നതിലേക്ക് എത്തിയത്.