ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ആരോഗ്യമന്ത്രിയെ യുഎന്‍ ക്ഷണിച്ചത്, നല്ല സംശയമുണ്ട്, എന്നാലും അഭിമാനിക്കുന്നു; കെഎം ഷാജി

കോഴിക്കോട്: ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ യുഎന്‍ ക്ഷണിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മന്ത്രി യുഎന്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചത് പിആര്‍ വര്‍ക്കാണെന്നും കെഎം ഷാജി ആരോപിച്ചു.

യൂത്ത് ലീഗ് സത്യാഗ്രഹസമര വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് കെഎം ഷാജി ഇക്കാര്യം പറഞ്ഞത്. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ശൈലജ ടീച്ചറെ യുഎന്‍ ക്ഷണിച്ചതെന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഷാജി പറഞ്ഞു.

‘ചൈനയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തില്‍ ഡബ്ല്യു.എച്ച്.ഒയുമായി യുഎസും യൂറോപ്യന്‍ യൂണിനും ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടെയുള്ളവരെയൊന്നും ക്ഷണിക്കില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ടീച്ചറെ നിങ്ങളെ വിളിച്ചത്. അല്ലെങ്കില്‍ സ്വീഡനേയും ന്യൂസിലന്‍ഡിനേയുമൊക്കെ ക്ഷണിക്കേണ്ടതല്ലേ..’ ഷാജി ചോദിച്ചു.

കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലന്‍ഡും സ്വീഡനുമാണ്. എന്നാല്‍ മന്ത്രി പങ്കെടുത്ത യുഎന്നിന്റെ വെബ്‌സെമിനാറില്‍ ന്യൂസിലന്‍ഡിന്റേയും സ്വീഡന്റേയും പ്രതിനിധികള്‍ ഇല്ലായിരുന്നു. ജര്‍മനിയുടേയും ഓസ്‌ട്രേലിയയുടേയും പ്രതിനിധികള്‍ ഇല്ലായിരുന്നുവെന്നും ടീച്ചര്‍ മാത്രം ക്ഷണിക്കപ്പെട്ടത് ഒരു പിആര്‍വര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാലും ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഷാജി കൂട്ടിച്ചേര്‍ത്തു.

Exit mobile version