ആലപ്പുഴ: എസ്എൻഡിപി യോഗം നേതാവായിരുന്ന കൈകെ മഹേശന്റെ ബന്ധുക്കൾ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. ബുധനാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കെകെ മഹേശൻ പലതരത്തിലുള്ള സമ്മർദ്ദങ്ങൾ കാരണം ആത്മഹത്യ ചെയ്തതാണെന്നും ഇതൊരു കൊലപാതകം തന്നെയാണെന്നുമാണ് ഉയരുന്ന ആരോപണം. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മകൻ ഹരികൃഷ്ണനും അനന്തിരവൻ അനിലുമാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. താൻ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന മഹേശന്റെ കുറിപ്പും ഇതിനിടെ കണ്ടെടുത്തിരുന്നു.
മരിക്കുന്നതിന് മുമ്പ് പങ്കു വച്ച കത്തിലുള്ള കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കറിയാമെന്നും അദ്ദേഹത്തിന്റെ മരണം തൂങ്ങി മരണത്തിൽ കലാശിച്ചത് കൊലപാതകമായിട്ടാണ് തങ്ങൾ കരുതുന്നതെന്നും മകനും അനന്തിരവനും പറഞ്ഞു. ഇദ്ദേഹത്തെ മാനസികമായി കുറെ നാളുകളായി പീഡീപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഏതെറ്റവും വരെ നിയമ നടപടികളായി പോകുമെന്നും ഇരുവരും പറഞ്ഞു.
ബുധനാഴ്ചയാണ് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്ന കെകെ മഹേശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിയൻ ഓഫീസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായ മഹേശനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് സൂചന.
അതേസമയം, കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശനുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. മൈക്രോഫിനാൻസ് കേസിൽ മഹേശൻ നിരപരാധിയാണ്. മരണം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മൈക്രോഫിനാൻസുമായി ബന്ധമില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. എന്നാൽ കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് മഹേശൻ ഭയന്നിരുന്നു. മഹേശൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മാത്രമാണ്. ഇപ്പോൾ കൂടെയുള്ളവരാണ് മരണത്തിന് കാരണക്കാർ. അദ്ദേഹത്തെ ചിലർ തേജോവധം ചെയ്യാൻ ശ്രമിച്ചു. മരണത്തിന്റെ പേരിൽ തന്നെ നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മഹേശൻ തന്നെ കാണാൻ വന്നിട്ടില്ല, ഫോൺ ചെയ്യാറുണ്ട്. താൻ ഉയർത്തികൊണ്ടുവന്നയാളാണ് മഹേശൻ. തന്റെ എല്ലാ കാര്യങ്ങളിലും മഹേശൻ ഇടപെട്ടിരുന്നു. മഹേശനെ കൊള്ളരുതാത്തവനാക്കി ചില ശക്തികൾ മാറ്റി. മഹേശന്റെ കുടുംബവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post