കൊച്ചി: നടി ഷംന കാസിമിന് പൂര്‍ണ്ണ പിന്തുണയെന്ന് താരസംഘടനയായ എഎംഎംഎ. നിയമനടപടികള്‍ക്ക് ആവശ്യമെങ്കില്‍ താരത്തിന് സഹായം നല്‍കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.
ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് നാല് പേരെയാണ് കഴിഞ്ഞ ദിവസം മരട് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശികളായ നാലുപേരാണ് പോലീസ് പിടിയിലായത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം തട്ടിപ്പിന്റെ വിവരം ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്മെയിലിംഗ് ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണ്ണവും തട്ടിയെടുക്കകയും ചെയ്തിട്ടുണ്ട്. ഇരുവരും പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ പരാതികളില്‍ പോലീസ് ഇന്ന് കേസെടുക്കും.
വിവാഹാലോചനയുമായി എത്തിയ പ്രതികള്‍ ആദ്യം കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് താരം പറയുന്നത്. ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞാണ് നടിയില്‍നിന്ന് ഇവര്‍ പണം ആവശ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ കൊന്നുക്കളയുമെന്ന് വരെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും താരം വ്യക്തമാക്കിയിട്ടുണ്ട്.