തിരുവനന്തപുരം: ദിനംപ്രതി എണ്ണവില ഉയരുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് സിപിഎം നേതാവ് എംബി രാജേഷ്. കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത ചരിത്രനേട്ടം പതിനെട്ടാം ദിവസം അങ്ങ് കൈവരിച്ചിരിക്കുന്നുവെന്ന് എംബി രാജേഷ് പറഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നിരിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ 79.76 രൂപയും ഡീസല്‍ 79.88 രൂപയുമാണിന്ന്. മഹാഭാരത യുദ്ധം പതിനെട്ടു ദിവസമായിരുന്നല്ലോ. ഈ യുദ്ധത്തിലും പതിനെട്ടാം ദിവസമാണ് മോഡി ജി ലക്ഷ്യം നേടിയത്. ഈ യുദ്ധത്തിലായിരുന്നു മോഡിജിയുടെ ശ്രദ്ധ മുഴുവന്‍ എന്നതുകൊണ്ട് മാത്രമാണ് ഗാല്‍വാനില്‍ ശ്രദ്ധ പാളിയതെന്നും എംബി രാജേഷ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കണ്‍ഗ്രാറ്റ്സ് മോദി ജി കണ്‍ഗ്രാറ്റ്സ്. ഒടുവില്‍ അങ്ങ് അതും സാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത ചരിത്രനേട്ടം പതിനെട്ടാം ദിവസം അങ്ങ് കൈവരിച്ചിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നിരിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ 79.76 രൂപയും ഡീസല്‍ 79.88 രൂപയുമാണിന്ന്.മഹാഭാരത യുദ്ധം പതിനെട്ടു ദിവസമായിരുന്നല്ലോ. ഈ യുദ്ധത്തിലും പതിനെട്ടാം ദിവസമാണ് മോദി ജി ലക്ഷ്യം നേടിയത്.ഈ യുദ്ധത്തിലായിരുന്നു മോദിജിയുടെ ശ്രദ്ധ മുഴുവന്‍ എന്നതുകൊണ്ട് മാത്രമാണ് ഗാല്‍വാനില്‍ ശ്രദ്ധ പാളിയത്.
ഇന്നത്തെ ചരിത്രനേട്ടത്തിന്റെ പ്രാധാന്യം വല്ലതും മോദി ജിയുടെ വിമര്‍ശകര്‍ക്കറിയുമോ? 2011 ല്‍ പെട്രോളും ഡീസലും തമ്മില്‍ 30 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു! മന്മോഹന് ആഞ്ഞ് ശ്രമിച്ചതാണ്. പക്ഷേ ഒടുവില്‍ മോദി ജി തന്നെ വേണ്ടി വന്നു ഒരു ന്യായവുമില്ലാത്ത ആ അസമത്വം അവസാനിപ്പിച്ച് ‘സമത്വം ‘ സ്ഥാപിക്കാന്‍.എന്നിട്ടോ സമത്വത്തിന്റെ വക്താക്കളായ കമ്മികള്‍ക്കാണ് ഏറ്റവും വലിയ എതിര്‍പ്പ്. നാളെ (25.06. ) വില കുറക്കാന്‍ അവര്‍ സമരം ചെയ്യുമത്രേ.എഴുപതു കൊല്ലം കൊണ്ട് സാധിക്കാത്ത മറ്റൊരു കാര്യം കൂടി യാഥാര്‍ത്ഥ്യമാക്കിയ മോദിജി ഒരു സംഭവം തന്നെ.എന്നാല്‍ ഈ ചരിത്ര നേട്ടത്തിലേക്കുള്ള പാത കഠിനമായ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് വിമര്‍ശിക്കുന്ന രാജ്യദ്രോഹികള്‍ക്കറിയാമോ? ആ നാള്‍വഴി ഇങ്ങനെ
1.മോദിജി 2014ല്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ പെട്രോളിന് 247 ഉം (9:48-32.98 രൂ) ഡീസലിന് 794 ഉം (3.56-31.83 രൂ) ശതമാനം വീതം കേന്ദ്ര എക്സൈസ് തീരുവ കൂട്ടി. ഈ ധീരമായ തീരുമാനമെടുക്കാന്‍ 56 ഇഞ്ച് നെഞ്ചളവുള്ള കരുത്തനായ നേതാവിനല്ലാതെ ആര്‍ക്കു കഴിയും?
2. വില കുറയുമ്പോഴും നിരന്തരം നികുതി കുട്ടി വില മുന്നോട്ടു തന്നെ നയിക്കാനുള്ള നിശ്ചയദാര്‍ഡും .നിത്യേന വില കൂട്ടാനുള്ള നിഷ്കര്‍ഷ മോദി ജിയെ വ്യത്യസ്തനാക്കുന്നു.ലോകത്തെ ഏത് ഭരണാധികാരിക്കാണ് ഇത് സാധിച്ചിട്ടുള്ളത്? ലോക്ക്ഡൗണില്‍ വൈദ്യുത
ഉപയോഗം കൂടിയപ്പോള്‍ ചാര്‍ജ് കൂടിയിട്ടും അത് കുറച്ചു കൊടുത്ത പിണറായിയെപ്പോലെയല്ല, ഇന്ധന വില കുറയുമ്പോള്‍ പോലും കൂട്ടാനുള്ള അപാര സിദ്ധിയുള്ള ഭരണാധികാരിയാണ് മോദി ജി.
3. ലോകത്ത് ഏറ്റവും കൂടിയ ഇന്ധന നികുതിയുള്ള രാജ്യമായി ഇന്ത്യ മറിയത് മോദി ജിയുടെ നേതൃത്വത്തിലല്ലേ? 2014ല്‍ 30 ശതമാനം ഉണ്ടായിരുന്ന കോര്‍പ്പറേറ്റ് നികുതി നിരക്ക് ആദ്യം 25 ഉം പിന്നെ 22 ഉം ഒടുവില്‍ 15 ഉം ശതമാനമായി കുത്തനെ കുറച്ചപ്പോഴും ഡീസലിന് 794 ഉം പെട്രോളിന് 247 ഉം ശതമാനം വീതം നികുതി കുട്ടി ബാലന്‍സ് ചെയ്യാനുള്ള ആ ഭരണമികവാണ് അംഗീകരിക്കേണ്ടത്.
4.2019 ല്‍ നികുതിയിളവുകളുടെ ഫലമായി കോര്‍പ്പറേറ്റ് നികുതി വരുമാനം 58 വര്‍ഷത്തിലാദ്യമായി ഇടിഞ്ഞു. രണ്ട് ലക്ഷം കോടിയുടെ കുറവ് !മോദി ജി പകച്ചു നില്ക്കുകയല്ല ചെയ്തത്.ഇന്ധന നികുതികള്‍ കൂട്ടി നന്നായൊന്ന് പിഴിഞ്ഞു.2014 മുതല്‍ 2019 ഡിസംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് ഇന്ധന നികുതിയിലൂടെ കിട്ടിയ വരുമാനം 17.84 ലക്ഷം കോടി രൂപ ! അതാണ് മിടുക്ക്.
5. ഇന്ന് മോദി ജിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടിയ ഇന്ധന നികുതി നിരക്കും ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കുമുള്ള രാജ്യമെന്ന ‘നേട്ടം’ കൈവരിച്ചിരിക്കുന്നു. എവിടെ കുറക്കണമെന്നും എവിടെ കൂട്ടണമെന്നും അറിയുന്ന പ്രധാനമന്ത്രി ഉണ്ടായതിന്റെ ഗുണം.
6. കൊറോണക്കു മുമ്പിലും കുലുങ്ങാതെ കൂട്ടി വിലയില്‍ മുന്നിലെത്തിച്ച മോദി ജിയല്ലേ ഹീറോ? പാകിസ്ഥാനടക്കം സകല രാജ്യങ്ങളേയും പിന്നിലാക്കി, പകര്‍ച്ചവ്യാധിയിലും പതറാതെ ഇന്ത്യയെ ഇന്ധനവിലയില്‍ ലോകത്തെ സൂപ്പര്‍ പവറാക്കി മാറ്റിയില്ലേ?
7. ഈ നിരന്തരമായ വിലകൂട്ടലിനൊരൊറ്റ സദുദ്ദേശമേ കേന്ദ്ര സര്‍ക്കാരിനുള്ളു. രാജ്യം മുഴുവന്‍ കക്കൂസുകള്‍ പണിയുക എന്നതാണ് ആ മഹത്തായ ലക്ഷ്യം. കക്കൂസിന്റെ കാര്യത്തില്‍ ആത്മ നിര്‍ഭരത കൈവരിക്കാനുള്ള ഒരു ചെറിയ ത്യാഗം. അല്ലാതെ ഈ പണമൊന്നും ആരും വീട്ടില്‍ കൊണ്ടു പോകുന്നില്ല എന്നു കമ്മികള്‍ മനസ്സിലാക്കണം.
8. ഇങ്ങനെ നികുതി കൂട്ടുമ്പോഴും അതിന്റെ വിഹിതം സംസ്ഥാനങ്ങളിലേക്ക് പോകാതിരിക്കാനുള്ള കരുതലും മോദിയിക്കുണ്ട്.അതുകൊണ്ട് കുട്ടിയതു മുഴുവന്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയും, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡൂട്ടിയും.ഇതിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ട. കേന്ദ്രത്തിന് മാത്രമാണ്, സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടത് ബേസിക് എക്സൈസ് ഡൂട്ടി മാത്രം. അത് പെട്രോളിന് 2.98, ഡീസലിന് 4.83 രു. വീതം മാത്രവും.കേരളത്തിന്റെ കാര്യമെടുത്താല്‍ ജനസംഖ്യാനുപാതികമായി ഇവയുടെ 42 ശതമാനത്തിന്റെ 2.76 ശതമാനം മാത്രമാണ് (കേരളത്തിന്റെ ജനസംഖ്യ ഇന്ത്യയുടെ 2.76 ശതമാനമാണ്.) ലഭിക്കുക. കണക്കനുസരിച്ച് കേന്ദ്ര എക്സൈസ് നികുതിയുടെ വിഹിതമായി പെട്രോള്‍ ലിറ്ററൊന്നിന് 3.45 പൈസയും ഡീസല്‍ 5.60 പൈസയും മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. വില കൂട്ടാനുള്ള കരുത്തു മാത്രമല്ല
കുട്ടുന്നതൊക്കെ കേന്ദ്രത്തിന് കിട്ടുമെന്നുറപ്പാക്കാനുള്ള ബുദ്ധിയുമുള്ള നേതാവാണ് മോദി ജി എന്നു മനസ്സിലായോ?
9.കഴിഞ്ഞ 18 ദിവസത്തെ മോദി ജിയുടെ വിശ്രമമില്ലാത്ത കഠിനാദ്ധ്വാനത്തിന്റെ വിജയം വിലയില്‍ ചരിത്രത്തിലാദ്യമായി പെട്രോളിനെ ഡീസല്‍ മറികടന്ന ഈ ദിനം ‘രാജ്യസ്നേഹികള്‍ ‘ മുഴുവന്‍ അഭിമാനിക്കും. ലോകത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നികുതിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റിയ മോദി ജിയെ എല്ലാ ‘രാജ്യസ്നേഹികളും ‘ അഭിനന്ദിക്കും.ഈ സമയത്ത് വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്നവരാണ് രാജ്യദ്രോഹികള്‍.ഹല്ല പിന്നെ….
എം.ബി.രാജേഷ്
Discussion about this post