തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട് ,വയനാട് ജില്ലകള്‍ക്കുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 204 മില്ലീമീറ്ററില്‍ അധികം മഴ ലഭിക്കുന്ന അതിതീവ്ര മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ജൂണ്‍ 24ന് ലക്ഷദ്വീപ് തീരത്തും, ജൂണ്‍ 25 മുതല്‍ 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും, ജൂണ്‍ 27 മുതല്‍ 28 വരെ കര്‍ണാടക തീരങ്ങളിലും മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച വിവിധ ജില്ലകള്‍
• 2020 ജൂണ്‍ 24: ആലപ്പുഴ, എറണാകുളം, ഇടുക്കി.
• 2020 ജൂണ്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
• 2020 ജൂണ്‍ 26: തൃശ്ശൂര്‍, പാലക്കാട്.
• 2020 ജൂണ്‍ 27: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ്.
• 2020 ജൂണ്‍ 28: കണ്ണൂര്‍, കാസര്‍ഗോഡ്.
Discussion about this post