തിരുവനന്തപുരം: വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റൈനില്‍ ഇളവ്. വധൂവരന്മാര്ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന് ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്കി.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വധൂവരന്മാര്ക്കും അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈനില്‍ കഴിയാതെ ഇനി ഏഴുദിവസം കേരളത്തില്‍ തങ്ങാം. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ ബന്ധുക്കള്‍ക്ക് വരാന്‍ അനുമതിയില്ല. അതേസമയം, വിവാഹാവശ്യത്തിനായി എത്തുന്നവര്‍ കേരളത്തിലേക്ക് വരുമ്പോള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
വിവാഹ ക്ഷണക്കത്തും നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം.
വ്യാപാര ആവശ്യങ്ങള്‍, കോടതി, ചികിത്സ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് ഒപ്പമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശാരീരിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post